തിരുവനന്തപുരം∙ കൊല്ലം പരവൂര്‍ കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന എസ്.അനീഷ്യ (41) ജീവനൊടുക്കി ഒന്നര വര്‍ഷം കഴിഞ്ഞിട്ടും കേസിലെ നിര്‍ണായക തെളിവായ ഐഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ കഴിയാതെ അന്വേഷണം വഴിമുട്ടുന്നു. ഐ ഫോണിന്റെ പാസ്‌വേഡ് സംരക്ഷണം മറികടക്കാനുള്ള സംവിധാനമില്ലെന്ന് തിരുവനന്തപുരത്തുള്ള സ്‌റ്റേറ്റ് ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ വിദഗ്ധര്‍ അറിയിച്ചതോടെ ക്രൈംബ്രാഞ്ച് ഗുജറാത്തിലെ നാഷനല്‍ ഫൊറന്‍സിക് സയന്‍സസ് സര്‍വകലാശാലയുടെ (എന്‍എഫ്എസ് യു) സഹായം തേടാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.
ഫോണ്‍ എന്‍എഫ്എസ് യുവിലേക്ക് അയയ്ക്കാനായി 19,004 രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാനത്തെ ഫൊറന്‍സിക് സംവിധാനങ്ങളുടെ അപര്യാപ്തതയിലേക്കു കൂടിയാണ് ഉത്തരവ് വിരല്‍ ചൂണ്ടുന്നത്. ഐഫോണ്‍ അണ്‍ലോക് ചെയ്യാനുള്ള സൗകര്യം ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ ഇല്ലെന്ന് ഉത്തരവില്‍ പറയുന്നു. അതുകൊണ്ട് ഫോണ്‍ ഗുജറാത്തിലേക്ക് അയയ്ക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് പണം അനുവദിച്ചിരിക്കുന്നത്.
2024 ജനുവരി 21ന് പരവൂര്‍ നെടുങ്ങോലത്തെ വീട്ടിലെ കുളിമുറിയില്‍ അനീഷ്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കേസ് തിരുവനന്തപുരം എസ്പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. സഹപ്രവര്‍ത്തകനും മേലുദ്യോഗസ്ഥനും മാനസികമായി ബുദ്ധിമുട്ടിച്ചെന്നും അതുകൊണ്ടാണ് ജീവിതം അവസാനിപ്പിക്കുന്നതെന്നും ഡയറിക്കുറിപ്പിലും ശബ്ദരേഖയിലും അനീഷ്യ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് അനീഷ്യയുടെ മേലുദ്യോഗസ്ഥനായിരുന്ന ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ പെരുമ്പാവൂര്‍ മുടിക്കല്‍ സ്‌കൂള്‍പടി പുത്തന്‍ പീടികയില്‍ വീട്ടില്‍ അബ്ദുല്‍ ജലീല്‍ (48), അനീഷ്യയുടെ സഹപ്രവര്‍ത്തകന്‍ അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ തിരുവനന്തപുരം കിളിമാനൂര്‍ മലയമഠം അശ്വതിയില്‍ കെ.ആര്‍.ശ്യാംകൃഷ്ണ (38) എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ആത്മഹത്യക്കുറിപ്പു കൂടാതെ അനീഷ്യയുടെ ഐഫോണും ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തിരുന്നു. അനീഷ്യയുടെ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന ശബ്ദസന്ദേശങ്ങളും മറ്റു ഡിജിറ്റല്‍ തെളിവുകളും ഫോണില്‍ ഉണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
എന്നാല്‍ പാസ്‌വേഡ് സംരക്ഷണമുള്ള ഐഫോണ്‍ തുറക്കാന്‍ കഴിയില്ലെന്ന് സ്‌റ്റേറ്റ് ഫൊറന്‍സിക് സയന്‍സ് ലബോറട്ടറി അറിയിച്ചതോടെ അന്വേഷണം വഴിമുട്ടുകയായിരുന്നു. ഇതോടെയാണ് ഗുജറാത്തിലേക്ക് ഫോണ്‍ അയയ്ക്കാനുള്ള തീരുമാനം ഉണ്ടായത്. കേസന്വേഷണത്തില്‍ ഡിജിറ്റല്‍ തെളിവുകള്‍ നിര്‍ണായകമാകുന്ന കാലഘട്ടത്തില്‍ കേരളത്തിലെ ഫൊറന്‍സിക് സൗകര്യങ്ങളുടെ അപര്യാപ്തത സംബന്ധിച്ച് ആശങ്ക ഉയര്‍ത്തുന്നതാണ് നടപടിയെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്. അന്വേഷണം വൈകുന്നതില്‍ അനീഷ്യയുടെ കുടുംബത്തിനും അതൃപ്തിയുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അനീഷ്യയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസില്‍ ആത്മഹത്യാ പ്രേരണക്കുറ്റം, സംഘം ചേര്‍ന്നുള്ള കുറ്റകൃത്യം എന്നീ വകുപ്പുകള്‍ ചുമത്തി രണ്ടു പേരെ അറസ്റ്റ് ചെയ്‌തെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ അവര്‍ തിരിച്ചു ജോലിയില്‍ പ്രവേശിക്കുന്ന സാഹചര്യമാണ് ഉണ്ടായതെന്നും ആക്ഷേപമുണ്ട്.






