കല്‍പ്പറ്റ: ഓണത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ സ്റ്റേഷന്‍ പരിധികളിലും അതിര്‍ത്തി പ്രദേശങ്ങളിലും പോലീസ് ലഹരി പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ജില്ലയിലെ വിവിധ ഇടങ്ങളിലായി കഞ്ചാവും എം.ഡി.എം.എയും ഹാഷിഷുമായി മൂന്ന് പേരെ പിടികൂടി.
തോല്‍പ്പെട്ടിയില്‍ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും തിരുനെല്ലി പോലീസും നടത്തിയ പരിശോധനയില്‍ 19.9 ഗ്രാം ഹാഷിഷുമായി കര്‍ണാടക ബാംഗ്ലൂര്‍ സ്വദേശിയായ ദൃദ്വിന്‍ ജി മസകല്‍ (32), കല്പറ്റയില്‍ 0.11 ഗ്രാം എം ഡി. എം എ യുമായി മേപ്പാടി മാങ്കുന്ന് പുളിയകുത്ത് വീട്ടില്‍ പി.ഷാഹില്‍ (31), മുത്തങ്ങ ചെക്ക് പോസ്റ്റില്‍ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 50 ഗ്രാം കഞ്ചാവുമായി മാനന്തവാടി വിമല നഗര്‍ പുത്തന്‍പുരക്കല്‍ വീട്ടില്‍ തങ്കച്ചന്‍ ഔസേപ്പ് (62) എന്നിവരാണ് പിടിയിലായത്.
ഓണത്തിനോടനുബന്ധിച്ച് ലഹരിക്കടത്തും വില്‍പ്പനയും കൂടാന്‍ സാധ്യതയുള്ളതിനാല്‍ പരിശോധന ശക്തമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് അറിയിച്ചു. ലഹരിക്കടത്തോ, വില്‍പ്പനയോ ഉപയോഗമോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അറിയിക്കേണ്ട നമ്പറുകള്‍ യോദ്ധാവ് :9995966666 ഡി.വൈ.എസ്.പി നര്‍കോട്ടിക് സെല്‍: 9497990129.






