എടിഎം കാർഡ് കൈമാറി, മ്യൂൾ അക്കൗണ്ട്; 21കാരി അറിയാതെ മറിഞ്ഞത് ലക്ഷങ്ങൾ: ബന്ധുവിന്റെ ചതിയിൽ ഓൺലൈൻ തട്ടിപ്പിൽ പ്രതി

Spread the love

തിരുവനന്തപുരം ∙ കാസര്‍കോട് സ്വദേശിനിയായ ഇരുപത്തിയൊന്നുകാരിക്ക് മാസങ്ങള്‍ക്കു മുന്‍പ് ബെംഗളൂരു സൈബര്‍ പൊലീസില്‍നിന്ന് നോട്ടിസ് വന്നപ്പോഴാണ് അവര്‍ അറിയുന്നത് വലിയൊരു ഓണ്‍ലൈന്‍ തട്ടിപ്പു കേസില്‍ താന്‍ പ്രതിയാണെന്ന്. ബന്ധുവായ സാജിതയെന്ന സ്ത്രീ ആവശ്യപ്പെട്ട പ്രകാരം ബാങ്ക് അക്കൗണ്ട് തുടങ്ങി അതിന്റെ വിവരങ്ങള്‍ എല്ലാം കൈമാറിയതാണ് യുവതിയെ കേസില്‍ കുടുക്കിയത്. തന്റെ അക്കൗണ്ടിലേക്കു പണം അയയ്ക്കാന്‍ കഴിയാത്തതിനാല്‍ ഒരു ബാങ്ക് അക്കൗണ്ട് ആരംഭിച്ചു തരാന്‍ കഴിയുമോ എന്നാണ് സാജിത ചോദിച്ചത്. അതു പ്രകാരം സാജിതയെ വിശ്വസിച്ചാണ് യുവതി അക്കൗണ്ട് തുടങ്ങി എടിഎം കാര്‍ഡും ഇന്റര്‍നെറ്റ് ബാങ്ക് വിവരങ്ങളും അക്കൗണ്ടുമായി ബന്ധപ്പെടുത്തിയ സിമ്മും കൈമാറിയത്.

 

എടിഎം കാര്‍ഡിന് ഇന്റര്‍നാഷനല്‍ അക്‌സസ് വേണമെന്ന് സാജിത പറഞ്ഞിരുന്നു. എന്നാല്‍ ഈ അക്കൗണ്ടു വഴി ലക്ഷക്കണക്കിനു രൂപയുടെ ഇടപാടുകള്‍ നടന്നുവെന്ന് ബെംഗളൂരു സൈബര്‍ പൊലീസ് നോട്ടിസ് വരുമ്പോഴാണ് യുവതി അറിയുന്നത്. ആകെ പരിഭ്രമിച്ച യുവതി പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തിനൊടുവില്‍ സൈബര്‍ പൊലീസ് സാജിതയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ദുബായില്‍നിന്നു മടങ്ങിയെത്തിയ സാജിതയെ മുംബൈയില്‍ വച്ചാണ് കാസര്‍കോട് പൊലീസ് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തത്.

 

ഇത്തരത്തില്‍ അറിഞ്ഞും അറിയാതെയും ബാങ്ക് അക്കൗണ്ടുകള്‍ വാടകയ്ക്കു (മ്യൂള്‍ അക്കൗണ്ട്) കൊടുത്തുള്ള തട്ടിപ്പുകള്‍ സംസ്ഥാനത്ത് ഏറുകയാണെന്നും ജാഗ്രത പാലിക്കണമെന്നുമാണ് പൊലീസ് പറയുന്നത്. മ്യൂള്‍ അക്കൗണ്ടുകള്‍ വഴി ഈ വര്‍ഷം സംസ്ഥാനത്ത് 223 കോടി രൂപയുടെ ഇടപാടുകള്‍ നടന്നുവെന്നാണ് കണ്ടെത്തല്‍. 14,189 അക്കൗണ്ടുകള്‍ വഴിയാണ് ഇത്രയും പണം കൈമാറ്റം ചെയ്തിരിക്കുന്നതെന്നാണ് സൈബര്‍ പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഓണ്‍ലൈന്‍ തട്ടിപ്പുകളിലൂടെ സമാഹരിക്കുന്ന പണത്തിന്റെ കൈമാറ്റമാണ് ഇത്തരത്തില്‍ മ്യൂള്‍ അക്കൗണ്ടുകള്‍ വഴി നടത്തുന്നത്. മലപ്പുറത്തും എറണാകുളത്തുമാണ് മ്യൂള്‍ അക്കൗണ്ടുകള്‍ ഏറ്റവും കൂടുതല്‍ കണ്ടെത്തിയിരിക്കുന്നത്. എറണാകുളത്ത് 6107 മ്യൂള്‍ അക്കൗണ്ടുകളും മലപ്പുറത്ത് 2090 അക്കൗണ്ടുകളും കണ്ടെത്തി. ഈ അക്കൗണ്ടുകള്‍ യഥാര്‍ഥ ഉടമകളല്ല കൈകാര്യം ചെയ്യുന്നത്. സിബിഐയും ഇ.ഡിയും ഉള്‍പ്പെടെ വ്യാപകമായ അന്വേഷണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ നിന്നുള്‍പ്പെടെ പലരെയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

 

കാസര്‍കോട് സ്വദേശിനിയായ സാജിതയെ കഴിഞ്ഞ മാസമാണ് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇത്തരത്തില്‍ മ്യൂള്‍ അക്കൗണ്ടുകള്‍ ആരംഭിച്ച് അത് വിദേശത്തുള്ള സൈബര്‍ ക്രിമിനല്‍ ശൃംഖലകള്‍ക്കു വില്‍ക്കുകയാണ് ഇവര്‍ ചെയ്യുന്നത്. സാജിതയുടെ കൂട്ടുപ്രതിയായ സാബിറിനെ കണ്ടെത്താനുള്ളള ശ്രമത്തിലാണ് പൊലീസ്. കുടുംബത്തിൽ തന്നെയുളള നാലു ബന്ധുക്കളെ കൊണ്ട് സാജിത ഇത്തരത്തില്‍ അക്കൗണ്ടുകള്‍ തുറന്നിരുന്നു. 21കാരിയുടെ അക്കൗണ്ടിലൂടെ മാത്രം 2024 മാര്‍ച്ച് മുതല്‍ ലക്ഷക്കണക്കിനു രൂപയുടെ ഇടപാടുകള്‍ നടത്തിയതായി ബാങ്ക് പരിശോധനയില്‍നിന്നു വ്യക്തമായി.

 

നവംബറിലാണ് ബന്ധുക്കള്‍ കാസര്‍കോട് സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേരെ സാജിത ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. ദുബായിലുള്ള ചൈനീസ് ഓപ്പറേറ്റര്‍മാര്‍ക്കാണ് അക്കൗണ്ടുകള്‍ വില്‍ക്കുന്നതെന്നാണ് സാജിത ചോദ്യം ചെയ്യലില്‍ പറഞ്ഞത്. ഇത്തരം അക്കൗണ്ടുകളിലേക്ക് എത്തുന്ന പണം വിദേശത്ത് എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് പിന്‍വലിക്കുകയാണ് ചെയ്യുന്നതെന്നും സാജിത പറഞ്ഞു. കേസെടുത്തതോടെ പ്രതികള്‍ വിദേശത്തേക്ക് കടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കി. സാജിത മുംബൈ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ തടഞ്ഞുവച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

 

479 മ്യൂള്‍ അക്കൗണ്ടുകള്‍ വഴി 718 കോടി രൂപയുടെ ഇടപാടുകള്‍ നടത്താന്‍ സഹായിച്ച കോഴിക്കോട് സ്വദേശി സായിദ്, ഫോര്‍ട്ട് കൊച്ചി സ്വദേശി വര്‍ഗീസ് എന്നിവരെ ഫെബ്രുവരിയില്‍ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. സായിദിനു 2 കോടി രൂപയും വര്‍ഗീസിനു 70 ലക്ഷം രൂപയുമാണ് പ്രതിഫലം കിട്ടിയത്. അക്കൗണ്ട് തുടങ്ങി വിവരങ്ങള്‍ നല്‍കിയവര്‍ക്ക് 30 ലക്ഷം രൂപ ഇവര്‍ നല്‍കിയിട്ടുണ്ട്. ക്രിപ്‌റ്റോ കറന്‍സി പ്ലാറ്റ്‌ഫോമുകളിലേക്കും ചൈനീസ് വായ്പാ തട്ടിപ്പു കമ്പനികളിലേക്കുമാണ് പണമിടപാടുകള്‍ നടക്കുന്നത്. ഇ മെയിലുകള്‍, സമൂഹമാധ്യമങ്ങള്‍, തൊഴില്‍ പോര്‍ട്ടലുകള്‍ എന്നിവ വഴിയാണ് ഉയര്‍ന്ന കമ്മിഷന്‍ ഉള്‍പ്പെടെ വലിയ വാഗ്ദാനങ്ങള്‍ നല്‍കി അക്കൗണ്ട് തുറപ്പിക്കുന്നത്. ഇതിനു പുറമേ കമ്പനികള്‍ തുടങ്ങിയും തട്ടിപ്പു നടത്തുന്നുണ്ട്. വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന കമ്പനി ആരംഭിച്ച് ഒരാള്‍ ഇത്തരത്തില്‍ തട്ടിപ്പു നടത്തിയിരുന്നു. തിരഞ്ഞെടുത്ത ആളുകളുടെ പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങി അവരുടെ എടിഎം കാര്‍ഡ് ഉള്‍പ്പെടെ കയ്യിൽ വച്ചു. എന്നിട്ട് പണമായാണ് ഇവര്‍ക്കു ശമ്പളം നല്‍കിയിരുന്നത്. എന്നാല്‍ ഈ അക്കൗണ്ടുകള്‍ ഉപയോഗിച്ച് ലക്ഷങ്ങളുടെ കള്ളപ്പണ ഇടപാടുകളാണ് ഇയാള്‍ നടത്തിയത്.

 

അറിഞ്ഞോ അറിയാതെയോ ഇത്തരത്തില്‍ ആര്‍ക്കെങ്കിലും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറുന്നത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് പൊലീസ് മുന്നറിയിപ്പു നല്‍കുന്നു. പെട്ടെന്നു പണമുണ്ടാക്കാനുള്ള ആഗ്രഹത്തിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഉത്തരത്തില്‍ ചെയ്യുന്നത് ഭാവി തന്നെ തുലാസിലാക്കുന്ന വലിയ കുരുക്കില്‍ ചെന്നെത്തിക്കുമെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. കള്ളപ്പണം കൈമാറ്റം ചെയ്യാന്‍ ക്രിമിനലുകള്‍ക്കു കൂട്ടുനില്‍ക്കുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്. ഒടുവില്‍ അക്കൗണ്ട് ഉടമകള്‍ പിടിയിലാകുകയും പിന്നിലുള്ളവര്‍ രക്ഷപ്പെടുകയും ചെയ്യും. ഐടി നിയമം, കള്ളപ്പണ നിരോധന നിയമം തുടങ്ങിയ ഗുരുതരമായ വകുപ്പുകള്‍ പ്രകാരമാകും കേസെടുക്കുക.

  • Related Posts

    ബീഫ് ഫ്രൈയെ ചൊല്ലി യുവാക്കൾ തമ്മിൽ സംഘർഷം, പൊലീസ് എത്തിയിട്ടും അടി; ഒടുവിൽ പിടിച്ചുമാറ്റി

    Spread the love

    Spread the loveകോഴിക്കോട്∙ നടക്കാവില്‍ ബീഫ് ഫ്രൈയെ ചൊല്ലി യുവാക്കള്‍ തമ്മിൽ കയ്യാങ്കളി. ഹോട്ടലിലെത്തിയ സംഘവും മറ്റൊരു സംഘവുമായാണ് സംഘർഷമുണ്ടായത്. ഹോട്ടലിൽ നിന്ന് ബീഫ് ഫ്രൈ വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ടതാണ് പ്രകോപന കാരണം. മര്‍ദനത്തില്‍ പരുക്കേറ്റയാളെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടക്കാവിലെ…

    വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിച്ചു; കണ്ണൂരിൽ ബിസിനസുകാരൻ അറസ്റ്റിൽ

    Spread the love

    Spread the loveകണ്ണൂർ ∙ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന പരാതിയിൽ ബിസിനസുകാരൻ അറസ്റ്റിൽ. കോട്ടയം സ്വദേശിനിയു‌ടെ പരാതിയിൽ കണ്ണൂർ കിഴുന്നയിലെ സജിത്തിനെയാണ് (52) എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.   2015നും 2020നും…

    Leave a Reply

    Your email address will not be published. Required fields are marked *