ന്യൂഡൽഹി∙ രാജ്യതലസ്ഥാനത്തെ തെരുവുനായ്ക്കളെയെല്ലാം എട്ടാഴ്ചയ്ക്കുള്ളിൽ പിടികൂടി ഷെൽട്ടറുകളിലേക്കു മാറ്റണമെന്ന ഉത്തരവിനെതിരായ ഹർജികൾ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് വിധി പറയാനായി മാറ്റി. ഉത്തരവ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച കോടതി, തെരുവുനായ ശല്യം തടയാൻ നിയമങ്ങളുണ്ടാക്കുന്നുണ്ടെങ്കിലും അധികൃതർ അവ നടപ്പാക്കുന്നില്ലെന്നും വിമർശിച്ചു.
‘തെരുവുനായ് ശല്യം പരിഹരിക്കാൻ പാർലമെന്റ് നിയമങ്ങളും ചട്ടങ്ങളുമുണ്ടാക്കുന്നുണ്ടെങ്കിലും അവ നടപ്പാക്കുന്നില്ല. ചെയ്യേണ്ട കാര്യങ്ങൾ അധികൃതർ ചെയ്യുന്നില്ല. അതിന്റെ ഉത്തരവാദിത്തം അവർ ഏറ്റെടുക്കുക തന്നെ വേണം’’ – ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേഹ്ത, എൻവി അഞ്ജാരിയ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഡൽഹിയിലെ തെരുവുനായ്ക്കളെയെല്ലാം എട്ടാഴ്ചയ്ക്കുള്ളിൽ പിടികൂടി ഷെൽട്ടറുകളിലേക്കു മാറ്റണമെന്ന കർശന നിർദേശം ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ഓഗസ്റ്റ് 11നാണ് നൽകിയത്. നായ്ക്കൾക്ക് ഷെൽട്ടറുകൾ സജ്ജമാക്കാൻ മുൻസിപ്പാലിറ്റികളും മറ്റ് ഏജൻസികളും ഒന്നിച്ചു പ്രവർത്തിക്കണമെന്നും ഉത്തരവ് അനുസരിക്കുന്നതിൽ വീഴ്ചയുണ്ടായാൽ കടുത്ത നടപടി നേരിടേണ്ടിവരുമെന്നും കോടതി പറഞ്ഞിരുന്നു. ഉത്തരവിനെതിരെ വ്യാപക പ്രതിഷേധമുയർത്തിയിരുന്നു.
കുട്ടികൾക്കു നേരെയുള്ള തെരുവുനായ ആക്രമണം സാരമായ പരുക്കുകൾക്കും പേവിഷബാധയേറ്റുള്ള മരണത്തിനും കാരണമാവുകയാണെന്ന് ഇന്നു ഹർജി പരിഗണിച്ചപ്പോൾ ഡൽഹി സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി. വന്ധ്യംകരണം പേവിഷബാധ തടയില്ല. നായ്ക്കളെ കൊല്ലണമെന്ന് ആരും പറയുന്നില്ല. അവയെ മാറ്റിപ്പാർപ്പിക്കണമെന്നു മാത്രമാണ് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ, സോളിസിറ്റർ ജനറൽ നിലവിലെ നിയമത്തിന് എതിരായാണു പറയുന്നതെന്നു ഹർജിക്കാർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു. എബിസി നിയമം നിലവിലുണ്ട്. അതിനനുസരിച്ചു കാര്യങ്ങൾ ചെയ്യേണ്ടെന്നാണ് അദ്ദേഹം പറയുന്നത്. തെരുവുനായ വിഷയത്തിൽ ഡൽഹി കോർപറേഷൻ വർഷങ്ങളായി എന്തെടുക്കുകയായിരുന്നെന്നും കപിൽ സിബൽ ചോദിച്ചു.






