പലപ്പോഴും കോടതി മുറി നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിക്കാറുണ്ട്. തന്റെ ഭർത്താവിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ യുവാവിന് കോടതി മുറിയിൽവെച്ച് മാപ്പ് നൽകുന്ന ഭാര്യയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ജോർജിയയിലെ ഒരു കോടതിമുറിയിലാണ് ഓഗസ്റ്റ് ഏഴിന് ഈ ഹൃദയസ്പർശിയായ സംഭവമുണ്ടായത്.
റെജീന ജോൺസൺ എന്ന യുവതി തന്റെ ഭർത്താവായ ചക് ജോൺസൺന്റെ മരണത്തിന് കാരണക്കാരനായ ജോസഫ് ടിൽമാൻ എന്ന യുവാവിനാണ് മാപ്പ് നൽകിയത്. ടിൽമാനെ റെജീന ആലിംഗനം ചെയ്യുന്നതും വീഡിയോയിൽ കാണാം. വാഹനം ഉപയോഗിച്ചുള്ള നരഹത്യ, ലഹരി ഉപയോഗിച്ച് വാഹനമോടിക്കൽ, അശ്രദ്ധമായി വാഹനമോടിക്കൽ എന്നീ കുറ്റങ്ങൾക്ക് ടിൽമാനെ 20 വർഷം തടവിനാണ് കോടതി ശിക്ഷിച്ചത്.
ശിക്ഷാവിധി കേൾക്കുന്നതിനിടെ ടിൽമാൻ കരയുന്നത് കാണാമായിരുന്നു. റെജീന അദ്ദേഹത്തെ സമീപിച്ച് പറഞ്ഞു, ‘ഞാൻ നിങ്ങളോട് ക്ഷമിക്കുന്നു, ദൈവം നിങ്ങളെ സ്നേഹിക്കുന്നു.’ മറുപടിയായി ടിൽമാൻ ‘എനിക്ക് വളരെ വിഷമമുണ്ട്. എന്നോട് ക്ഷമിക്കണം’ എന്ന് പറഞ്ഞു.
കേസ് പരിഗണിച്ച ജഡ്ജി ടോണി ബേക്കറും ഇത് കണ്ട് അമ്പരന്നു. ഇത് വളരെ അപൂർവമായ സംഭവമാണെന്നും ഒരാളെ കൊലപ്പെടുത്തിയ പ്രതിയെ ഇരയുടെ ഭാര്യ ആലിംഗനം ചെയ്യുന്നത് താൻ ഇതുവരെ കണ്ടിട്ടില്ലെന്നും ടോണി ബേക്കർ വ്യക്തമാക്കി.
2024 മാർച്ചിലാണ് ചക് ജോൺസൺ കൊല്ലപ്പെട്ടത്. നൈട്രസ് ഓക്സൈഡിന്റെ ലഹരിയിലായിരുന്ന ടിൽമാൻ ഇലക്ട്രിക് ബൈക്ക് ഓടിക്കുകയായിരുന്ന അദ്ദേഹത്തെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ടിൽമാൻ രണ്ട് വർഷത്തെ ഇൻപേഷ്യന്റ് റീഹാബിലിറ്റേഷൻ പ്രോഗ്രാം പൂർത്തിയാക്കുകയാണെങ്കിൽ അദ്ദേഹത്തിന്റെ 20 വർഷത്തെ ജയിൽ ശിക്ഷ താത്ക്കാലികമായി നിർത്തിവെക്കാനുള്ള വ്യവസ്ഥ ശിക്ഷാവിധിയിലുണ്ട്.








