ന്യൂഡൽഹി:ഉത്തരേന്ത്യ ഹോളി ആഘോഷിച്ച മാർച്ച് 14-ന് രാത്രി ജസ്റ്റിസ് യശ്വന്ത് വർമയുടെ ഡൽഹിയിലെ വസതിയിലുണ്ടായ തീപ്പിടിത്തത്തിൽ ഉയർന്നുവന്നത് ദുരൂഹതകളുടെ പുകച്ചുരുളുകളായിരുന്നു. ഡൽഹി ഹൈക്കോടതിയിലെ ജഡ്ജിയുടെ വീട്ടിലെ സ്റ്റോർ റൂമിലുണ്ടായ തീയണയ്ക്കാനെത്തിയ അഗ്നിശമനസേനയും പോലീസും കണ്ടത് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകളുടെ കൂമ്പാരം. ചാക്കുകളിലാക്കിയ നിലയിലായിരുന്നു നോട്ടുകൾ. വിഷയം സുപ്രീംകോടതി കടന്ന് പാർലമെന്റിലെത്തിനിൽക്കെ, ജസ്റ്റിസ് വർമ ഇംപീച്ച്മെന്റിന്റെ വക്കിലാണ്.
ചാക്കുകളിലാക്കിയ നോട്ടുകെട്ടുകൾ കണ്ട സംഭവം ഡൽഹി പോലീസ് കമ്മിഷണർ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ അറിയിച്ചു. അദ്ദേഹം സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ അറിയിച്ചതിനെത്തുടർന്ന് സംഭവം അന്വേഷിക്കാൻ മൂന്നംഗ ആഭ്യന്തരസമിതിയെ നിയോഗിച്ചു. ഇതിനിടെ, ജസ്റ്റിസ് വർമയെ ഡൽഹിയിൽനിന്ന് അലഹാബാദ് ഹൈക്കോടതിയിലേക്ക് മാറ്റുകയും അവിടെ ജുഡീഷ്യൽ ജോലികളിൽനിന്ന് മാറ്റിനിർത്തുകയും ചെയ്തു.
പഞ്ചാബ്, ഹരിയാണ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീൽ നാഗു, ഹിമാചൽപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ, കർണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് അനു ശിവരാമൻ എന്നിവരടങ്ങുന്ന ആഭ്യന്തരസമിതിയാണ് വിഷയം അന്വേഷിച്ചത്. സമിതി ഡൽഹി പോലീസ് കമ്മിഷണർ, ഡൽഹി ഫയർ സർവീസ് മേധാവി എന്നിവരുൾപ്പെടെ അൻപതിലേറെപ്പേരുടെ മൊഴിയെടുത്തശേഷമാണ് റിപ്പോർട്ട് നൽകിയത്.
സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കേന്ദ്രസർക്കാരിന് കത്തെഴുതി. പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കുമെഴുതിയ കത്തിൽ ജസ്റ്റിസ് വർമയുടെ ഇംപീച്ച്മെന്റിന് ശുപാർശചെയ്തുവെന്നാണ് കരുതപ്പെടുന്നത്.







