ഒന്റാറിയോ: കാനഡയിൽ ഇന്ത്യൻ ദമ്പതിമാരെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കി ഒരുകൂട്ടം കനേഡിയൻ യുവാക്കൾ. കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ പീറ്റർബറോയിൽ വെച്ചായിരുന്നു സംഭവം. യുവാക്കൾ ഇന്ത്യൻ ദമ്പതികളെ വംശീയമായി അധിക്ഷേപിക്കുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ജൂലായ് 29-ന് നടന്ന ഈ സംഭവം രാജ്യവ്യാപകമായി വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു.
ഒരു പിക്കപ്പ് ട്രക്കിലിരുന്ന് മൂന്ന് യുവാക്കൾ ഇന്ത്യൻ ദമ്പതികൾക്ക് നേരെ വംശീയ അധിക്ഷേപങ്ങളും അസഭ്യവർഷവും നടത്തുന്നതാണ് വീഡിയോയിൽ കാണാനാവുക. യുവാക്കളുടെ സംസാരത്തിൽ കടുത്ത വിദ്വേഷം പ്രകടമാണ്. ഇന്ത്യൻ യുവാവ് അവരുടെ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ഫോണിൽ പകർത്താൻ ശ്രമിച്ചതോടെയാണ് യുവാക്കളിലൊരാൾ വധഭീഷണി മുഴക്കിയത്.
‘ഞാൻ വണ്ടിയിൽ നിന്നിറങ്ങിവന്ന് നിന്നെ കൊല്ലണോ?’ എന്നാണ് യുവാവ് ആക്രോശിക്കുന്നത്. അധിക്ഷേപത്തിന് ഇരയായ വ്യക്തി സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച വീഡിയോ വലിയതോതിൽ പ്രചരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കവർത്ത ലേക്സ് സിറ്റിയിൽ നിന്നുള്ള 18 വയസ്സുകാരനെ അറസ്റ്റ് ചെയ്തതായി പീറ്റർബറോ പോലീസ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
ഭീഷണിപ്പെടുത്തി എന്ന കുറ്റത്തിന് യുവാവിനെതിരെ കേസെടുത്തിട്ടുണ്ടെന്നും ജാമ്യത്തിൽ വിട്ടയച്ച പ്രതി സെപ്റ്റംബർ 16-ന് കോടതിയിൽ ഹാജരാകുമെന്നും പോലീസ് അറിയിച്ചു. ‘ഇത്തരത്തിലുള്ള പെരുമാറ്റം നമ്മുടെ സമൂഹത്തിലോ, മറ്റേതൊരു സമൂഹത്തിലോ അംഗീകരിക്കാനാവില്ലെന്ന് ആ വീഡിയോ കാണുന്ന ഏതൊരാൾക്കും മനസ്സിലാകും. സംഭവവുമായി ബന്ധപ്പെട്ട് വിവരങ്ങൾ നൽകാൻ മുന്നോട്ടുവന്ന എല്ലാവർക്കും ഞാൻ നന്ദി പറയുന്നു,’ പീറ്റർബറോ പോലീസ് സർവീസ് ചീഫ് സ്റ്റുവർട്ട് ബെറ്റ്സ് പറഞ്ഞു.
ഇത് നമ്മുടെ നഗരത്തിൽ അംഗീകരിക്കാനാവുന്ന പെരുമാറ്റമല്ല എന്നത് വ്യക്തമാണ്. നമ്മുടെ സമൂഹത്തിൽ നടക്കുന്ന വിദ്വേഷപരമായ സംഭവങ്ങളും കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്യുന്നത് തുടരാൻ ഞങ്ങൾ ഇവിടുത്തെ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ആവശ്യമായ അന്വേഷണം നടത്താനും കുറ്റക്കാർക്ക് ശിക്ഷ നൽകാനും ഇത്തരം കാര്യങ്ങൾ പോലീസിനെ അറിയിക്കേണ്ടത് അത്യാവശ്യമാണ്. ഇവിടെ ജീവിക്കുകയും ജോലി ചെയ്യുകയും സന്ദർശിക്കുകയും ചെയ്യുന്ന എല്ലാവർക്കും സുരക്ഷിതമായ ഒരു സമൂഹം ഉറപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്,’ പോലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.






