
പാല∙ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. പാലാ- തൊടുപുഴ ഹൈവേയിൽ മുണ്ടാങ്കൽ പളളിക്ക് സമീപമുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അന്നമോൾ (11) ആണ് മരിച്ചത്. അല്ലപ്പാറ പാലക്കുഴക്കുന്നേൽ സുനിലിന്റെ മകളാണ്. ചേർപ്പുങ്കൽ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു. പാലാ സെന്റ് മേരീസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്.
അധ്യാപക പരിശീലനം നടത്തുന്ന വിദ്യാർഥി നെടുങ്കണ്ടം സ്വദേശി ചന്തൂസ് ത്രിജി ഓടിച്ച കാർ നിയന്ത്രണം വിട്ട് 2 സ്കൂട്ടറുകളിൽ ഇടിച്ചായിരുന്നു അപകടം. അപകടത്തിൽ മേലുകാവുമറ്റം നെല്ലൻകുഴിയിൽ എൻ.കെ. സന്തോഷിന്റെ ഭാര്യ ധന്യ സന്തോഷ് (38), അന്നമോളുടെ അമ്മ ജോമോൾ സുനിൽ (35) എന്നിവർ സംഭവ സ്ഥലത്ത് വച്ച് മരിച്ചിരുന്നു.
ജോമോളും മകൾ അന്നമോളും സ്കൂട്ടറിൽ പാലായിലുള്ള സ്കൂളിലേക്ക് വരികയായിരുന്നു. മറ്റൊരു സ്കൂട്ടറിൽ ധന്യയും പാലാ ഭാഗത്തേക്ക് വരികയായിരുന്നു. എതിർ ദിശയിൽ നിന്ന് അമിത വേഗതയിൽ വന്ന കാർ രണ്ടു സ്കൂട്ടറുകളെയും ഇടിച്ചു തെറിപ്പിച്ചു. അന്നമോളുടെ സംസ്കാരം പിന്നീട്. അപകടത്തിൽ മരിച്ച അന്നമോളുടെ കണ്ണുകൾ രണ്ടു പേർക്ക് വെളിച്ചമേകും. മരണം സ്ഥിരീകരിച്ചതോടെ കണ്ണുകൾ ദാനം ചെയ്യാൻ പിതാവ് സുനിലും ബന്ധുക്കളും തീരുമാനിച്ചു.