
ഡൽഹി∙ വസ്ത്രത്തിന്റെ പേരിൽ ഡൽഹിയിലെ ഒരു റസ്റ്ററന്റിൽ ദമ്പതികൾക്ക് പ്രവേശനം നിഷേധിച്ചതായി പരാതി. ഡൽഹിയിലെ പിതംപുരയിലുള്ള റസ്റ്ററന്റിലാണ് സംഭവം. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
ഇന്ത്യൻ തനിമയുള്ള വസ്ത്രം ധരിച്ചതിന്റെ പേരിലാണ് തങ്ങളോട് മോശമായി പെരുമാറിയതെന്ന് ദമ്പതികൾ പറഞ്ഞു. മറ്റുള്ളവർക്ക് പ്രവേശനം അനുവദിച്ചെങ്കിലും തങ്ങളോട് മാനേജർ മോശമായി പെരുമാറിയെന്നും അവർ വ്യക്തമാക്കി. ചുരിദാർ ധരിച്ചാണ് സ്ത്രീ റസ്റ്ററന്റിലെത്തിയത്. ടീഷർട്ടും പാന്റുമായിരുന്നു പുരുഷന്റെ വേഷം.
സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേർ പ്രതികരണവുമായെത്തി. റസ്റ്ററന്റെ അടച്ചുപൂട്ടണമെന്ന് പലരും പ്രതികരിച്ചു. എന്നാൽ ആരോപണം റസ്റ്ററന്റ് ഉടമ നീരജ് അഗർവാൾ നിഷേധിച്ചു. ദമ്പതികൾ ടേബിൾ ബുക്ക് ചെയ്തിരുന്നില്ലെന്നും അതുകൊണ്ടാണ് പ്രവേശനം നിഷേധിച്ചതെന്നും അദ്ദേഹം പറഞ്ഞു. റസ്റ്ററന്റിന് യാതൊരു വിധ വസ്ത്ര നയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഡിയോ വൈറലായതോടെ മന്ത്രി കപിൽ മിശ്ര സംഭവത്തിൽ ഇടപെട്ടു. ‘‘ ഇത് ഒരിക്കലും സ്വീകാര്യമല്ല. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. സംഭവം അന്വേഷിക്കും. എത്രയും പെട്ടെന്ന് നടപടിയെടുക്കാൻ നിർദേശം നൽകി’’– കപിൽ മിശ്ര പറഞ്ഞു.
വസ്ത്രത്തിന്റെ പേരിൽ ഉപഭോക്താക്കളുടെ മുകളിൽ റസ്റ്ററന്റ് ഇനി യാതൊരു വിധ നടപടിയും സ്വീകരിക്കില്ലെന്നും ഇന്ത്യൻ തനിമയുള്ള വസ്ത്രങ്ങൾ ധരിച്ച് എത്തുന്നവരെ ഇനി റസ്റ്ററന്റ് നടത്തിപ്പുകാർ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.