
ഇടുക്കി: രാജാക്കാട് തിങ്കൾക്കാട്ടിൽ അഞ്ചുവയസ്സുകാരിയെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. അതിഥിത്തൊഴിലാളികളുടെ മകളായ കല്പന എന്ന കുലു ആണ് മരിച്ചത്. അസം സ്വദേശിയായ മാതാപിതാക്കൾ കുട്ടിയെ വാഹനത്തിൽ ഇരുത്തിയശേഷം കൃഷിയിടത്തിലേക്ക് ജോലിക്ക് പോയതായിരുന്നു. കുട്ടിയെ ഉടൻ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
തിങ്കളാഴ്ച രാവിലെ തോട്ടം മുതലാളിയുടെ കാറിലായിരുന്നു ഇവർ ജോലിസ്ഥലത്തെത്തിയത്. കുട്ടിയെ വാഹനത്തിൽ ഇരുത്തിയ ശേഷം കൃഷിയിടത്തിലേക്ക് പോയ മാതാപിതാക്കൾ ഉച്ചയ്ക്ക് ശേഷമാണ് ജോലികഴിഞ്ഞ് തിരികെയെത്തിയത്. ആ സമയത്ത് കല്പനയെ വാഹനത്തിനുള്ളിൽ ബോധരഹിതയായ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ഇതേ വാഹനത്തിൽ കുട്ടിയെ രാജാക്കാട്ടെ ആശുപത്രിയിലെത്തിച്ചു.
വാഹനത്തിന്റെ വിൻഡോകൾ അടച്ചിരുന്നോ എന്നതു സംബന്ധിച്ച് വിവരമില്ല. പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ. അതേസമയം, ശക്തമായ പനിയെത്തുടർന്ന് കുട്ടിക്ക് മാതാപിതാക്കൾ കഴിഞ്ഞ ദിവസം മരുന്ന് നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും കാരണങ്ങളുണ്ടോ എന്നും അന്വേഷിക്കും. ഉടുമ്പൻചോല പോലീസാണ് കേസ് അന്വേഷിക്കുന്നത്.