
ന്യൂഡൽഹി ∙ ഡൽഹിയിൽ പ്രഭാത നടത്തത്തിനിടെ കോൺഗ്രസ് എംപി സുധാ രാമകൃഷ്ണന്റെ നാലു പവന്റെ സ്വർണമാല പൊട്ടിച്ചു മോഷ്ടാവ് കടന്നുകളഞ്ഞു. തമിഴ്നാട്ടിലെ മയിലാടുതുറൈയിൽ നിന്നുള്ള പാർലമെന്റ് അംഗമായ സുധാ രാമകൃഷ്ണൻ, ഡിഎംകെ എംപിയായ രാജാത്തിയോടൊപ്പം ചാണക്യപുരിയിലെ നയതന്ത്ര മേഖലയിലുള്ള പോളണ്ട് എംബസിക്ക് സമീപം നടക്കുമ്പോഴാണ് മോഷണം. സ്കൂട്ടറിൽ ഹെൽമറ്റ് ധരിച്ചെത്തിയ ഒരാളാണ് തന്റെ മാല പൊട്ടിച്ചു കടന്നുകളഞ്ഞതെന്ന് സുധാരാമകൃഷ്ണൻ പറഞ്ഞു. ഡൽഹിയിലെ ക്രമസമാധാന ചുമതലയുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് സുധാരാമകൃഷ്ണൻ കത്തെഴുതി.
‘‘സർ, അയാൾ എതിർദിശയിൽ പതുക്കെ സ്കൂട്ടറിൽ വരുമ്പോൾ, മാല പൊട്ടിക്കാനാണെന്നു ഞാൻ അറിഞ്ഞിരുന്നില്ല. അയാൾ മാല പൊട്ടിച്ചപ്പോൾ എന്റെ കഴുത്തിനു പരുക്കേറ്റു. എന്റെ ചുരിദാറും കീറിപ്പോയി. എങ്ങനെയോ വീഴാതിരിക്കാൻ കഴിഞ്ഞു. ഞങ്ങൾ രണ്ടുപേരും സഹായത്തിനായി നിലവിളിച്ചു. പിന്നീട് ഡൽഹി പൊലീസിന്റെ ഒരു മൊബൈൽ പട്രോളിങ് വാഹനം കാണുകയും അവരോട് പരാതിപ്പെടുകയുമായിരുന്നു. സർ, എംബസികളും ഉന്നത സ്ഥാപനങ്ങളും നിറഞ്ഞ ചാണക്യപുരി പോലുള്ള ഉയർന്ന സുരക്ഷാ മേഖലയിൽ പാർലമെന്റ് അംഗമായ ഒരു സ്ത്രീക്ക് നേരെയുണ്ടായ ഈ ആക്രമണം വളരെ ഞെട്ടിപ്പിക്കുന്നതാണ്.’’ – അമിത് ഷായ്ക്ക് അയച്ച കത്തിൽ സുധാ രാമകൃഷ്ണൻ എഴുതി.
‘ഇന്ത്യയുടെ ദേശീയ തലസ്ഥാനത്തെ ഈ അതീവ സുരക്ഷാ മേഖലയിൽ ഒരു സ്ത്രീക്ക് സുരക്ഷിതമായി നടക്കാൻ കഴിയുന്നില്ലെങ്കിൽ, നമുക്ക് എവിടെയാണ് സുരക്ഷിതത്വം അനുഭവിക്കാനും നമ്മുടെ പതിവ് കാര്യങ്ങൾ ചെയ്യാനും കഴിയുക. സർ, എന്റെ കഴുത്തിൽ പരുക്കേറ്റു, 4 പവനുള്ള എന്റെ സ്വർണമാല നഷ്ടപ്പെട്ടു. ആക്രമണത്തിന്റെ ആഘാതത്തിലാണ് ഞാൻ. കുറ്റവാളിയെ കണ്ടെത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകണം. എന്റെ സ്വർണ മാല തിരികെ ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കണം. എനിക്ക് വേഗത്തിൽ നീതി ലഭിക്കാനുള്ള ഇടപെടലുകൾ ഉണ്ടാകണം’’ – കത്തിൽ സുധാ രാമകൃഷ്ണൻ എഴുതി.