
മലയാളികള്‍ക്ക് സുപരിചതമായ മുഖമായിരുന്നു കലാഭവന്‍ നവാസ്. മിമിക്രി വേദിയില്‍ നിന്നുമാണ് നവാസ് സിനിമയിലെത്തുന്നത്. സിനിമയിലും ടെലിവിഷനിലുമെല്ലാം നിറഞ്ഞു നിന്നിരുന്ന താരം. നടനായും മിമിക്രി കലാകാരനായും ഗായകനായുമെല്ലാം നവാസ് കയ്യടി നേടിയിട്ടുണ്ട്. അത്രമേല്‍ സുപരിചിതനായൊരു വ്യക്തിയുടെ വിയോഗത്തിന്റെ വേദനയിലാണ് മലയാളികളും.
കലാഭവന്‍ നവാസ് ഇനിയില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുകയും സിനിമാ ലോകവും സമൂഹവും. ഇതിനിടെ ഇപ്പോഴിതാ നവാസിന്റെ ഒരു വിഡിയോ ചര്‍ച്ചയായി മാറുകയാണ്. നാളുകള്‍ മുമ്പ് നല്‍കിയൊരു അഭിമുഖത്തില്‍ നിന്നുള്ള ഭാഗമാണ് വൈറലാകുന്നത്. ജീവിതം എത്ര അപ്രവചനീയമാണെന്നാണ് വിഡിയോയില്‍ പറയുന്നത്.
”ഇപ്പോള്‍ ഞാന്‍ ഇവിടെ ഇരിപ്പുണ്ട്. നാളെ ഇവിടെയുണ്ടാകുമോ എന്ന് ഉറപ്പില്ല. ഈ നിമിഷം ഞാന്‍ എന്റെ വീട്ടിലേക്ക് എത്തുമോ എന്ന് ഉറപ്പില്ലാത്ത അത്ര നിസ്സഹായരാണ് മനുഷ്യര്‍. അതിനൊക്കെയുള്ള അവസരമല്ലേ നമുക്ക് തന്നിട്ടുള്ളൂ. നമ്മള്‍ ഒരു ശക്തിയില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍, നാളെ നേരം വെളുത്തൂന്നുണ്ടെങ്കില്‍ വെളുത്തൂവെന്ന് പറയാം. മറ്റൊന്നും നമ്മുടെ നിയന്ത്രണത്തിലല്ല. കാരണം നമ്മള്‍ സംസാരിക്കുന്നുണ്ട്. ഞാന്‍ തിരിച്ച് വീടെത്തും എന്ന് എനിക്ക് യാതൊരു ഉറപ്പുമില്ല. നമുക്ക് ഇന്ന് കാണാം എന്ന് ഞാന്‍ ഇന്നലെ പറഞ്ഞു. പക്ഷെ ഇന്ന് കാണാന്‍ പറ്റൂന്ന് യാതൊരു ഗ്യാരണ്ടിയും എനിക്കുണ്ടായിരുന്നില്ല. അപ്പോള്‍ അത്രയേയുള്ളൂ നമ്മള്‍” എന്നാണ് നവാസ് വിഡിയോയില്‍ പറയുന്നത്.
1995 ല്‍ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് കലാഭവന്‍ നവാസ് സിനിമയിലെത്തുന്നത്. പിന്നീട് നായകനായും സഹനടനായുമെല്ലാം നിരവധി സിനിമകള് ചെയ്തു. ടെലിവിഷനിലും സജീവ സാന്നിധ്യമായിരുന്നു. നടി രഹ്നയാണ് ഭാര്യ. നടന്‍ നിയാസ് ബക്കര്‍ സഹോദരനാണ്. അന്തരിച്ച നടന്‍ അബൂബക്കറിന്റെ മകന്‍ കൂടിയാണ് കലാഭവന്‍ നവാസ്.