
തിരുവനന്തപുരം∙ മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതര്‍ക്കായി എല്‍സ്റ്റണ്‍ എസ്റ്റേറിലെ ടൗണ്‍ഷിപ് ഭൂമിയില്‍ പണിത മാതൃകാവീടിന്റെ നിര്‍മാണച്ചെലവിനെച്ചൊല്ലി രാഷ്ട്രീയവിവാദം കത്തുന്നതിനിടെ വീടിന്റെ സവിശേഷതകള്‍ വിവരിച്ച് റവന്യൂമന്ത്രി കെ.രാജന്‍. ഒരു വീടിന്റെ നിര്‍മാണച്ചെലവ് 18 ശതമാനം ജിഎസ്ടി ഉള്‍പ്പെടെ 26,95,000 രൂപയാണെന്നും മന്ത്രി വ്യക്തമാക്കി. മാതൃകാവീടിന് സര്‍ക്കാര്‍ പറയുന്നത്ര തുക ചെലവാകില്ലെന്ന നിലപാട് പ്രതിപക്ഷവും മറ്റും ഉന്നയിക്കുന്ന ഘട്ടത്തിലാണ് മന്ത്രിയുടെ വിശദീകരണം.
*മോഡല്‍ ഹൗസിന്റെ സവിശേഷതകള്‍*
തേയിലച്ചെടികളുടെ വേരുകള്‍ ഒഴിവാക്കാനും മതിയായ ഭാരം താങ്ങാനുള്ള ശേഷി ഉറപ്പാക്കാനും 1.5 മീറ്റര്‍ മുതല്‍ 2.5 മീറ്റര്‍ വരെ ആഴത്തിലാണ് അടിത്തറ നിര്‍മിച്ചിരിക്കുന്നു. ഭൂകമ്പത്തെ പ്രതിരോധിക്കാന്‍ തക്കവിധത്തിലാണ് വീടിന്റെ രൂപകല്‍പനയെന്നും മന്ത്രി പറയുന്നു. കോളങ്ങള്‍ക്ക് പകരം ഷിയര്‍ ഭിത്തികളാണ് ഉപയോഗിച്ചിരിക്കുന്നത്. സ്ലാബ് മേല്‍ക്കൂര.
വരാന്തയ്ക്ക് സ്റ്റീല്‍ ഫ്രെയിമും മംഗലാപുരം ഓടുകളും. സ്റ്റീല്‍ കൊണ്ടുള്ള പുറം ഗോവണി. നിലവാരമുള്ള കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ ഉപയോഗിച്ച് കല്‍പ്പണി. 12 എംഎം കനത്തില്‍ ഭിത്തിയും 9 എംഎം കനത്തില്‍ സീലിങ്ങും പ്ലാസ്റ്ററിങ് ചെയ്തിട്ടുണ്ട്. ഗ്രേഡ് പശ ഉപയോഗിച്ച് പതിച്ച കജരിയ മാറ്റ് ഫിനിഷ് വിട്രിഫൈഡ് ടൈലുകളാണ് തറയില്‍ ഉപയോഗിച്ചിരിക്കുന്നത്.
ശുചിമുറി ഭിത്തിയിലും തറയിലും കജരിയ ടൈലുകള്‍. ജോയിന്റുകള്‍ എംവൈകെ ലാറ്റിക്രീറ്റ് എപ്പോക്‌സി ഉപയോഗിച്ച് ഫിനിഷ് ചെയ്തിരിക്കുന്നു. ലപട്രോ സ്റ്റീല്‍ ഗ്രേ, ലെതര്‍ ഫിനിഷ് ഗ്രാനൈറ്റ് ആണ് സിറ്റ് ഔട്ടിലും പടികളിലും. അടുക്കളയിലും വര്‍ക്ക് ഏരിയ കൗണ്ടറിലും കറുപ്പ് പോളിഷ് ചെയ്ത ഗ്രാനൈറ്റ്. ഡാംപ്-പ്രൂഫ് പ്രൈമറിന് മുകളില്‍ പ്രീമിയം അക്രിലിക് എമല്‍ഷന്‍ പെയിന്റ് (ഏഷ്യന്‍ പെയിന്റ്‌സ്, 7 വര്‍ഷം വാറന്റി) ആണ് പുറംഭിത്തി പെയിന്റിങ്ങിന് ഉപയോഗിച്ചിരിക്കുന്നത്. പുട്ടി ഫിനിഷ് ചെയ്ത അകം ഭിത്തിയില്‍ പ്രീമിയം അക്രിലിക് എമല്‍ഷന്‍ പെയിന്റ്.
എല്ലാ അകത്തെ ഭിത്തികളിലും സ്ലാബിലും മുന്‍ഭാഗത്തെ പുറംഭിത്തിയിലും പുട്ടി വര്‍ക്ക് ചെയ്തിരിക്കുന്നു. മേല്‍ക്കൂര സ്ലാബിനും ശുചിമുറികൾക്കും വാട്ടര്‍ പ്രൂഫിങ് ചെയ്തിട്ടുണ്ട്. ട്രസ് വര്‍ക്കിന് ടാറ്റാ സ്റ്റീല്‍ ട്യൂബുകള്‍. 20 വര്‍ഷം വാറന്റിയുള്ള യുപിവിസി ജനലുകള്‍. അകത്തെ കതകുകള്‍ക്ക് കിറ്റ്‌പ്ലൈ ഫ്‌ലഷ് ഡോറുകള്‍ സഹിതം ഗോദ്രേജ് ഹാര്‍ഡ്വെയര്‍ ഉപയോഗിച്ചിരിക്കുന്നു. പുറത്തെ കതകുകള്‍ക്ക് ടാറ്റാ പ്രവേഷ് വുഡ്-ഫിനിഷ് സ്റ്റീല്‍ ഡോറുകള്‍, ഗോദ്രേജ് ലോക്ക്, ഡോര്‍സെറ്റ് ഹിഞ്ചുകള്‍, ടവര്‍ ബോള്‍ട്ട് എന്നിവയാണ് ഉപയോഗിച്ചത്. ശുചിമുറികള്‍ക്ക് 10 വര്‍ഷം വാറന്റിയുള്ള എഫ്ആര്‍പി കതകുകള്‍.
മുന്‍ഭാഗത്തെയും പിന്‍ഭാഗത്തെയും കതകുകള്‍ക്ക് അലുമിനിയം പൗഡര്‍ കോട്ടഡ് ഫ്രെയിമില്‍ കൊതുകുവല. രണ്ട് ശുചിമുറികൾക്കും 10 വര്‍ഷം വാറന്റിയുള്ള സെറ ഫിക്‌സ്ചറുകള്‍ (വാട്ടര്‍ ക്ലോസറ്റ്, മിക്‌സര്‍ ടാപ്പ്, ഷവര്‍ മുതലായവ). കൗണ്ടര്‍ടോപ്പോടുകൂടിയ ഒരു പൊതു വാഷ് ബേസിന്‍. വര്‍ക്ക് ഏരിയയില്‍ ഡ്രെയിന്‍ ബോര്‍ഡോട് കൂടിയതും അടുക്കളയില്‍ അല്ലാത്തതുമായ മാറ്റ് ഫിനിഷ് സെറ സിങ്കുകള്‍. 1000 ലീറ്റര്‍ ശേഷിയുള്ള പിവിസി വാട്ടര്‍ ടാങ്ക്. ആന്തരിക മലിനജല ലൈനുകള്‍ക്കായി പിവിസി മാന്‍ഹോള്‍ കവറുകള്‍ എന്നിവ ഉപയോഗിച്ചിരിക്കുന്നു.
കിടപ്പുമുറികളില്‍ കിറ്റ്‌പ്ലൈയുടെ ലാമിനേറ്റഡ് മറൈന്‍ പ്ലൈവുഡ് അലമാരകളാണുള്ളത്. അടുക്കളയില്‍ ലാമിനേറ്റഡ് കാലിബ്രേറ്റഡ് പ്ലൈവുഡ് ഉപയോഗിച്ച് മുകളിലെ സ്റ്റോറേജ്, ഉയര്‍ന്ന ഡെന്‍സിറ്റിയുള്ള മള്‍ട്ടിവുഡ് ഉപയോഗിച്ച് താഴത്തെ സ്റ്റോറേജ്. അടുക്കള സ്റ്റോറേജിന് എബ്‌കോ ഹാര്‍ഡ്വെയര്‍. വാഷ് ഏരിയയിലും ബാത്‌റൂമിലും 6എംഎം കട്ടിയുള്ള സെന്റ്-ഗോബൈന്‍ കണ്ണാടികള്‍.കണ്‍സീല്‍ഡ് ബാല്‍കോ കണ്ട്യൂട്ടുകളില്‍ വി-ഗാര്‍ഡ് കോപ്പര്‍ വയറിങ് ആണ് ചെയ്തിരിക്കുന്നത്. എംകെ ഹണിവെല്‍ പ്രീമിയം മോഡുലാര്‍ സ്വിച്ചുകള്‍. 3 ഫേസ് കണക്ഷന്‍, എല്‍ ആന്‍ഡ് ടി 6 വേ ഡിസ്ട്രിബ്യൂഷന്‍ ബോര്‍ഡ്, എല്‍ ആന്‍ഡ് ടി സര്‍ക്യൂട്ട് ബ്രേക്കറുകള്‍.
ഹെന്‍സെല്‍ 3-ഫേസ് മീറ്റര്‍ ബോര്‍ഡുകള്‍, റൂഫ്ടോപ്പ് സോളാര്‍ ചെക്ക് മീറ്ററിനുള്ള സൗകര്യത്തോടെയുള്ളവ. ഫിലിപ്‌സ് ലൈറ്റ് ഫിറ്റിങ്ങുകൾ, ഹാവെല്‍സിന്റെ ഊര്‍ജ്ജക്ഷമതയുള്ള ബിഎല്‍ഡിസി സീലിങ് ഫാനുകളും എക്‌സ്‌ഹോസ്റ്റ് ഫാനുകളും. എല്ലാ കിടപ്പുമുറികളിലും എയര്‍ കണ്ടീഷണറുകള്‍ക്കും എല്ലാ ബാത്‌റൂമുകളിലും വാട്ടര്‍ ഹീറ്ററുകള്‍ക്കും പ്രത്യേക സൗകര്യങ്ങള്‍. എല്ലാ ശുചിമുറികളിലും അടുക്കളയിലും എക്‌സ്‌ഹോസ്റ്റ് ഫാനുകള്‍. ഹോം ഇന്‍വെര്‍ട്ടര്‍ ഘടിപ്പിക്കാനുള്ള സൗകര്യം. മെയിന്റനന്‍സ് ഒഴികെയുള്ള എല്ലാ ഇലക്ട്രിക്കല്‍ ഫിക്‌സ്ചറുകള്‍ക്കും ആക്‌സസറികള്‍ക്കും 3 വര്‍ഷം വാറന്റി എന്നീ സൗകര്യങ്ങളാണ് വീട്ടിലുള്ളതെന്നും മന്ത്രി വ്യക്തമാക്കുന്നു.