
ന്യൂഡൽഹി∙ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. സെപ്റ്റംബർ 9നാണ് തിരഞ്ഞെടുപ്പ്. ജൂലൈ 21ന് ജഗ്ദീപ് ധൻകർ രാജിവച്ചതിനെത്തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഓഗസ്റ്റ് 21 വരെ നാമനിർദേശപത്രികകൾ സ്വീകരിക്കും. പത്രികകൾ പിൻവലിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 25. ഫലപ്രഖ്യാപനം സെപ്റ്റംബർ 9ന്. 2022ൽ ഓഗസ്റ്റ് ആറിനു നടന്ന തിരഞ്ഞെടുപ്പിലാണ് 16ാമത് ഉപരാഷ്ട്രപതിയായി ധൻകർ തിരഞ്ഞെടുക്കപ്പെട്ടത്.
ആരാകും ധൻകറിന്റെ പിൻഗാമിയെന്നതിൽ ചർച്ച തുടരുകയാണ്. എൻഡിഎയും ഇന്ത്യാ സഖ്യവും യോജിച്ച സ്ഥാനാർഥികൾക്കായുള്ള അന്വേഷണത്തിലാണ്. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പുതിയ ഉപരാഷ്ട്രപതിക്കായി തിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് നേരത്തേതന്നെ ഉറപ്പായിരുന്നു. ഓഗസ്റ്റ് 21നാണ് നിലവിലെ സമ്മേളനം അവസാനിക്കുക.
റിട്ടേണിങ് ഓഫിസറായി രാജ്യസഭാ സെക്രട്ടറി ജനറൽ പി.സി. മോദിയെ കഴിഞ്ഞ ദിവസം തന്നെ തിരഞ്ഞെടുപ്പ് കമ്മിഷൻ നിയമിച്ചിരുന്നു. രാജ്യസഭാ സെക്രട്ടേറിയറ്റ് ജോയിന്റ് സെക്രട്ടറി ഗരിമ ജെയിൻ, ഡയറക്ടർ വിജയ് കുമാർ എന്നിവരാണ് അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർമാർ.
ഭരണഘടനയുടെ 66ാം അനുച്ഛേദം അനുസരിച്ച് പാർലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങൾ അടങ്ങുന്ന ഇലക്ടറൽ കോളജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. ഉപരാഷ്ട്രപതി സ്ഥാനാർഥി ഇന്ത്യൻ പൗരൻ ആയിരിക്കണം. കുറഞ്ഞത് 35 വയസ് പ്രായം ഉണ്ടായിരിക്കണം. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കീഴിൽ ഏതെങ്കിലും പദവി വഹിക്കാൻ പാടില്ല.