
പത്തനാപുരം ∙ വനിതാ ദന്തഡോക്ടറെ ക്ലിനിക്കിലെത്തി, വായിൽ തുണി തിരുകി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പരാതിക്കാരിയിൽ നിന്നു വീണ്ടും പൊലീസ് മൊഴിയെടുത്തു. കഴിഞ്ഞദിവസം രേഖപ്പെടുത്തിയ മൊഴിക്കു പുറമേ, ലൈംഗിക ചുവയോടെ യുവാവ് ഇടപെട്ടെന്ന് ഇന്നലെ നൽകിയ മൊഴിയിൽ പറയുന്നു.സംഭവത്തിൽ കുണ്ടയം കാരംമൂട് സൽദാൻ മൻസിലിൽ സൽദാനെ(25) പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും താൽക്കാലിക ജാമ്യത്തിൽ കോടതി വിട്ടയച്ചിരുന്നു.
കേസ് വീണ്ടും 31ന് പരിഗണിക്കും. അന്നു പുതിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ടും പരിഗണിച്ചാകും ജാമ്യഹർജി പരിഗണിക്കുക. ശനി വൈകിട്ട് 6.45നാണ് കേസിനാസ്പദമായ സംഭവം. ക്ലിനിക്കിലെത്തിയ സൽദാൻ, തന്റെ തന്റെ കൈയിലിരുന്ന തൂവാല ഡോക്ടറുടെ വായിൽ തിരുകിക്കയറ്റി പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി. പുറത്തു പോയ ക്ലിനിക് ജീവനക്കാരി ബഹളം കേട്ട് തിരികെയെത്തിയപ്പോഴേക്കും സൽദാൻ കടന്നുകളഞ്ഞു.
അതേസമയം, ദന്തഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ ഡന്റൽ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയും പൊലീസിൽ പരാതി നൽകി. കേസിൽ പൊലീസിന്റെ ഭാഗത്ത് അനാസ്ഥയുണ്ടെന്നാണ് ഇവരുടെ ആരോപണം.