
കോട്ടയം∙ യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ തത്വത്തിൽ ധാരണ ആയതായി സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ നിയമോപദേശകനും സുപ്രീംകോടതി അഭിഭാഷകനുമായ സുഭാഷ് ചന്ദ്രൻ. യെമൻ പൗരനായ തലാലിന്റെ കുടുംബം നിമിഷപ്രിയക്കു വധശിക്ഷ നൽകേണ്ട എന്ന തീരുമാനത്തിൽ എത്തിച്ചേർന്നതായും അദ്ദേഹം മനോരമ ഓൺലൈനിനോട് പറഞ്ഞു. ഇനിയും ചർച്ചകൾ നടക്കേണ്ടതുണ്ട്. ദയാധനത്തെ സംബന്ധിച്ച് അടക്കം ചർച്ചകൾ തുടരുമെന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞു. എന്നാൽ നിമിഷപ്രിയയുമായി ബന്ധപ്പെട്ടു വരുന്ന വാർത്തകളിൽ വാസ്തവമില്ലെന്നു വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
ഞങ്ങൾ ഞങ്ങളുടെ വഴിക്കാണു ചർച്ചകൾ നടത്തുന്നത്. കേന്ദ്ര സർക്കാർ ഈ ചർച്ചകളിലൊന്നും പങ്കാളിയായിട്ടില്ല. രണ്ടാഴ്ച ആയി ഞങ്ങൾ നിരന്തരം ചർച്ചകൾ നടത്തുകയാണ്. ഇന്നലെ നിർണായകമായ ഒരു ഘട്ടത്തിലാണു പറയേണ്ട കാര്യങ്ങൾ ഞങ്ങൾ പുറത്തുവിട്ടത്. ഇന്നലെ രാത്രിയോടെയാണു യെമൻ പണ്ഡിതൻ കാന്തപുരം അബൂബക്കർ മുസ്‌ലിയാരെ ബന്ധപ്പെട്ടത്. മധ്യസ്ഥർ പങ്കുവയ്ക്കുന്ന വിവരങ്ങളിൽ പുറത്തുപറയേണ്ടത് ഞങ്ങൾ അറിയിക്കുന്നുണ്ട്’’ – സുഭാഷ് ചന്ദ്രൻ പറഞ്ഞു.
അതേസമയം നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത നിഷേധിച്ച് തലാലിന്റെ സഹോദരൻ രംഗത്തെത്തിയിരുന്നു. ആരുമായി ചർച്ച നടത്തിയെന്നു കാന്തപുരം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വാർത്ത തെറ്റെന്നു നിമിഷപ്രിയയുടെ അഭിഭാഷകനെന്ന് അവകാശവാദമുന്നയിച്ച സാമുവൽ ജെറോമും പറഞ്ഞിരുന്നു. പ്രചാരണം നിർഭാഗ്യകരമാണെന്നും പരസ്യ സംവാദത്തിന് തയാറാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വെല്ലുവിളി. ഇതിനിടെയാണു തലാലിന്റെ കുടുംബം നിമിഷപ്രിയക്ക് വധശിക്ഷ നൽകേണ്ട എന്ന തീരുമാനത്തിൽ എത്തിച്ചേർന്നതെന്നു സുഭാഷ് ചന്ദ്രൻ വ്യക്തമാക്കിയിരിക്കുന്നത്.
യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ കേസിൽ ചില നിർണായക തീരുമാനങ്ങൾ ഉണ്ടായതായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുടെ ഓഫിസ് ഇന്നലെ രാത്രിയാണ് അറിയിച്ചത്. ഇക്കാര്യം കേന്ദ്ര സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. കാന്തപുരത്തിന്റെ സുഹൃത്തും യെമനിലെ തരീമിൽനിന്നുള്ള പണ്ഡിതനുമായ ഹബീബ് ഉമർ ബിൻ ഫഫിള് നിയോഗിച്ച യെമൻ പണ്ഡിത സംഘത്തിനു പുറമേ ഉത്തര യെമനിലെ ഭരണാധികാരികളും രാജ്യാന്തര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചർച്ചകളിലാണു തീരുമാനമുണ്ടായതെന്ന് എ.പി.അബൂബക്കർ മുസ്‍ലിയാരുടെ ഓഫിസ് അറിയിച്ചു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള തുടർചർച്ചകൾക്കു ശേഷമായിരിക്കും ശിക്ഷ സംബന്ധിച്ച മറ്റു കാര്യങ്ങൾ തീരുമാനിക്കുക.