പരോളിലിറങ്ങി ആശുപത്രിയിൽ ചികിൽസയിലായിരുന്ന ക്രിമിനൽ കേസ് പ്രതിയെ അഞ്ചംഗസംഘം ആശുപത്രിമുറിയിൽ വെടിവച്ചു കൊന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഒരു ഡസനിലേറെ കൊലപാതകക്കേസുകളിലെ പ്രതിയായ ചന്ദൻ മിശ്രയാണ് കൊല്ലപ്പെട്ടത്. ഇയാളെ കൊല്ലാൻ കൊലയാളികളെത്തുന്ന സിസിടിവി ദൃശ്യം സിനിമാരംഗങ്ങളെ അനുസ്മരിപ്പിക്കുന്നതാണ്. ആശുപത്രിയുടെ ഇടനാഴിയിലൂടെ നടന്നെത്തുന്ന അഞ്ചംഗസംഘം മിശ്രയുടെ മുറിക്കു മുന്നിലെത്തി തോക്കുകളെടുക്കുന്നതും മുറിക്കുള്ളിലേക്കു കയറുന്നതും കൊലയ്ക്കു ശേഷം പുറത്തിറങ്ങി ഓടി രക്ഷപ്പെടുന്നതുമാണ് സിസി ടിവിയിൽ പതിഞ്ഞത്.
എതിരാളികളായ ചന്ദൻ ഷേരു സംഘമാണ് മിശ്രയെ കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. ബക്സർ സ്വദേശിയായ കൊടുംക്രിമിനലാണ് ചന്ദൻ മിശ്രയെന്ന് പൊലീസ് പറഞ്ഞു. ഒരു ഡസനിലേറെ കൊലപാതകങ്ങൾ അടക്കമുള്ള ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. ഭഗൽപുർ ജയിലിലായിരുന്ന ഇയാൾ പരോളിലിറങ്ങി പട്നയിലെ പരസ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. കൊലയാളികൾക്ക് ആശുപത്രിജീവനക്കാരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
തലസ്ഥാന നഗരത്തിലെ ആശുപത്രിയിൽ പട്ടാപ്പകൽ നടന്ന കൊലപാതകം ബിഹാറിൽ രാഷ്ട്രീയവിവാദത്തിനും തിരികൊളുത്തിയിരിക്കുകയാണ്. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നതിനു തെളിവാണ് ഇതെന്ന് പ്രതിപക്ഷകക്ഷികൾ ആരോപിച്ചു.







