ന്യൂഡൽഹി:വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ യുവാവിന്റെ മുൻകൂർജാമ്യം ശരിവച്ച് സുപ്രീം കോടതി. വിവാഹേതര ബന്ധത്തിനു തയാറായതിലൂെട യുവതിയാണു കുറ്റകൃത്യം നടത്തിയതെന്നും കോടതി ചൂണ്ടിക്കാട്ടി. വിവാഹിതയായിരിക്കെ ഭർത്താവല്ലാതെ മറ്റൊരാളുമായി ശാരീരിക ബന്ധം തുടർന്നതിൽ യുവതിയെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിയുമെന്ന മുന്നറിയിപ്പും കോടതി നൽകി. ജസ്റ്റിസുമാരായ എം.എം. സുന്ദ്രേഷ്, എൻ. കോടീശ്വർ സിങ് എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. യുവാവിനു പട്ന ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയാണ് ഹർജി നൽകിയത്. ബിഹാർ സ്വദേശികളാണ് ഇരുവരും.
വിവാഹ വാഗ്ദാനം നൽകിയാണ് യുവാവ് പലവട്ടം യുവതിയുമായി ശാരീരിക ബന്ധം പുലർത്തിയതെന്ന് പരാതിക്കാരിക്കു വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. എന്നാൽ, നിങ്ങൾ വിവാഹിതയാണെന്നും രണ്ടു കുട്ടികളുണ്ടെന്നും വിവാഹജീവിതത്തിനു പുറത്ത് ബന്ധങ്ങളുണ്ടാകുന്നതിനെക്കുറിച്ച് പക്വതയുള്ള നിങ്ങൾ മനസ്സിലാക്കണമെന്നുമായിരുന്നു കോടതി യുവതിയോടു പറഞ്ഞത്. യുവാവ് പലവട്ടം യുവതിയെ ശാരീരിക ബന്ധത്തിനായി ഹോട്ടലിലേക്കു വിളിപ്പിച്ചിരുന്നുവെന്ന് അഭിഭാഷകൻ പറഞ്ഞപ്പോൾ, അയാളുടെ ആവശ്യപ്രകാരം എന്തിനാണ് നിരന്തരം ഹോട്ടലുകളിൽ പോയതെന്നും വിവാഹത്തിനു പുറത്തുള്ള ലൈംഗിക ബന്ധത്തിലൂടെ തെറ്റു ചെയ്തതായി മനസ്സിലാക്കിയില്ലേയെന്നും കോടതി ചോദിച്ചു.
2016 ൽ സമൂഹമാധ്യമങ്ങളിലൂടെയാണ് യുവാവും യുവതിയും തമ്മിൽ പരിചയപ്പെട്ടത്. അന്നുമുതൽ ഇരുവരും തമ്മിൽ ബന്ധമുണ്ട്. വിവാഹമോചനം തേടാൻ യുവാവിൽനിന്നു സമ്മർദ്ദം ഉണ്ടായിരുന്നുവെന്നും മാർച്ച് ആറിന് കുടുംബക്കോടതിയിൽനിന്നു വിവാഹമോചനം ലഭിച്ചെന്നും യുവതി പറയുന്നു. ഇതിനു പിന്നാലെ, വിവാഹം കഴിക്കണമെന്നു യുവതി യുവാവിനോട് ആവശ്യപ്പെട്ടെങ്കിലും അയാൾ വിസമ്മതിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് ബിഹാർ പൊലീസിൽ പരാതി നൽകിയത്. വിവാഹമോചനത്തിനുശേഷം യുവതിയുമായി യുവാവ് ശാരീരികബന്ധത്തിലേർപ്പെട്ടിട്ടില്ലെന്ന കണ്ടെത്തലിൽ പട്ന ഹൈക്കോടതി ഇയാൾക്ക് മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു.







