
ഒൻപത് മാസത്തിനിടെ ആരും അന്വേഷിക്കാത്ത ഒരു നടി. മരണം നടന്ന് ഒൻപത് മാസത്തിന് ശേഷമാണ് പാക്കിസ്ഥാനി നടിയും റിയാലിറ്റി ഷോ താരവുമായ ഹുമൈറ അസ്ഗർ അലിയുടെ (32) ജീർണിച്ച നിലയിലുള്ള മൃതദേഹം ഇത്തിഹാദ് കൊമേഴ്സ്യൽ വാടകയ്ക്ക് താമസിച്ചിരുന്ന അപ്പാർട്മെന്റിൽ കണ്ടെത്തിയത്. മാസങ്ങളായി താരം വാടക നൽകിയിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഉടമ കോടതിയെ സമീപിച്ചിരുന്നു. കോടതി നടിയെ ഒഴിപ്പിക്കാൻ ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിൽ പൂട്ട് പൊളിച്ച് അകത്തു കയറിയ കറാച്ചി പൊലീസാണ് ജീർണിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്.
∙ *ഉത്തരം തേടി പൊലീസ്*
നടിയുടെ ഡിജിറ്റൽ ഉപയോഗവും ഫൊറൻസിക് പരിശോധനകളും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ സഹായിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. 2024 ഒക്ടോബറിലാണ് നടി അവസാനമായി ഫോൺ ഉപയോഗിച്ചത്. അവസാന ഫെയ്സ്ബുക്ക് പോസ്റ്റ് 2024 സെപ്റ്റംബർ 11നും ഇൻസ്റ്റഗ്രാം പോസ്റ്റ് അതേമാസം 30നുമാണ്. അവസാനമായി ഫോണിൽ സംസാരിച്ചത് ഒക്ടോബറിലാണ്. അയൽക്കാർ ഒക്ടോബറിന് ശേഷം നടിയെ കണ്ടിട്ടില്ലെന്ന് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
തലച്ചോറിലെ കോശങ്ങൾ പൂർണ്ണമായും ദ്രവിച്ചെന്നും ആന്തരികാവയവങ്ങൾ കറുപ്പ് നിറത്തിലുള്ള പിണ്ഡമായി മാറിയെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സന്ധികളിലെ തരുണാസ്ഥി കാണാനില്ലായിരുന്നു; എന്നാൽ അസ്ഥികളിൽ പൊട്ടലുകളൊന്നും കണ്ടെത്തിയില്ല. ഈ ഘട്ടത്തിൽ മരണകാരണം കൃത്യമായി നിർണ്ണയിക്കാൻ അഴുകിയ അവസ്ഥ കാരണം സാധ്യമല്ലെന്ന് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. ഡിഎൻഎ പ്രൊഫൈലിങ്ങും ടോക്സിക്കോളജി പരിശോധനകളും നടന്നുവരികയാണ്, ഇതിൽ കൂടുതൽ വിവരങ്ങൾ ലഭിക്കും.
∙ *ഫ്ലാറ്റിൽ കണ്ടത്*
കാലാവധി കഴിഞ്ഞ ഭക്ഷണപദാർഥങ്ങൾ, തുരുമ്പ് പിടിച്ച പാത്രങ്ങൾ എന്നിവ ഫ്ലാറ്റിൽ പൊലീസ് കണ്ടെത്തിയിരുന്നു. ഒക്ടോബറിന് ശേഷം ബിൽ അടയ്ക്കാത്തതിനാൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. മെഴുകുതിരി പോലും അവിടെയുണ്ടായിരുന്നില്ല. വെളിച്ചം ലഭ്യമാകുന്നതിനുള്ള യാതൊരു ക്രമീകരണവുമില്ലെന്നാണ് റിപ്പോർട്ടുകൾ.
രണ്ട് അപ്പാർട്മെന്റുകളുള്ള നിലയിലെ ഒരു അപ്പാർട്മെന്റിലാണ് നടിയെ മരിച്ച നിലയിൽ കണ്ടത്. അതേ നിലയിലുള്ള മറ്റെ അപ്പാർട്മെന്റിലെ താമസക്കാർ ഫെബ്രുവരി മുതൽ സ്ഥലത്ത് ഇല്ലായിരുന്നു. അവർ മടങ്ങിയെത്തിയപ്പോൾ ദുർഗന്ധം പോലുമില്ലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഹുമൈറ അസ്ഗർ അലിയുടെ തിരോധാനം ഇത്രയും കാലം എങ്ങനെ ശ്രദ്ധിക്കപ്പെടാതെ പോയെന്നതും ഈ കേസിൽ ആശങ്കാജനകമായ ചോദ്യങ്ങൾ ഉയർത്തുന്നു. ഒറ്റയ്ക്ക് താമസിക്കുകയും കുടുംബത്തിൽ നിന്ന് അകന്നു കഴിയുകയും ചെയ്തിരുന്ന അവർക്ക് അയൽക്കാരുമായോ പൊതുജനങ്ങളുമായോ കാര്യമായ ബന്ധമുണ്ടായിരുന്നില്ല. വ്യാഴാഴ്ച കുടുംബം മൃതദേഹം ഏറ്റുവാങ്ങി ആംബുലൻസിൽ ലാഹോറിലേക്ക് കൊണ്ടുപോയി.
∙ *മുൻപും സമാന സംഭവം*
കഴിഞ്ഞ മാസം 19ന് 84 വയസ്സുള്ള നടി ആയിഷ ഖാനെയും കറാച്ചിയിലെ അവരുടെ അപ്പാർട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അവരും ഒറ്റയ്ക്കായിരുന്നു താമസം. മൃതദേഹത്തിന് ഒരാഴ്ച്ച പഴക്കമുണ്ടായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരും ഫൊറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തിയപ്പോഴേക്കും മൃതദേഹം ജീർണ്ണിച്ച് തുടങ്ങിയിരുന്നു.
ഏകദേശം 40 വർഷത്തോളം നീണ്ട കരിയറിൽ ഒട്ടറെ ടെലിവിഷൻ ഷോകൾ, സിനിമകൾ, ടെലിഫിലിമുകൾ എന്നിവയിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. 2020ലെ ‘സൊതേലി മാംത’ എന്ന നാടകത്തിലാണ് അവസാനമായി ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടത്.
വീട്ടിൽ നിന്ന് ശക്തമായ ദുർഗന്ധം വമിക്കുന്നതായി പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മരണവിവരം പുറത്തറിയുന്നത്. അയൽവാസികളുടെ പരാതിയെ തുടർന്ന് എത്തിയ പൊലീസാണ് മൃതദേഹം കണ്ടെത്തിയത്. ആയിഷ ബാത്ത്റൂമിൽ നിന്ന് ഇറങ്ങുമ്പോൾ കാൽ തെറ്റി വീണു മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം,
പിതാവ് റിയാസത്തുള്ള ഖാൻ 1960കളിൽ കറാച്ചി പൊലീസ് ഡിപ്പാർട്ട്‌മെന്റിൽ സൂപ്രണ്ടായിരുന്നു. പ്രശസ്ത നടിയായ ഖാലിദ റിയാസത്ത് മൂത്ത സഹോദരിയാണ്. അലിയാ ബിബി എന്ന മകളും രണ്ട് ആൺമക്കളും അടങ്ങുന്നതാണ് ആയിഷ ഖാന്റെ കുടുംബം.