
കറാച്ചി∙ ബലൂചിസ്ഥാനിൽ ബസ് യാത്രക്കാർക്ക് നേരെയുണ്ടായ ആക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടു. ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. പഞ്ചാബ് പ്രവിശ്യയിലെ ആളുകളാണ് കൊല്ലപ്പെട്ടത്. ഇവരുടെ തിരിച്ചറിയൽ കാർഡുകൾ പരിശോധിച്ചശേഷം വെടിവച്ചു കൊല്ലുകയായിരുന്നു.
ക്വറ്റയിൽനിന്ന് പഞ്ചാബിലേക്ക് പോകുകയായിരുന്ന രണ്ട് ബസുകൾ അക്രമികൾ ദേശീയപാതയിൽ തടഞ്ഞു നിർത്തുകയായിരുന്നു. അതിനുശേഷം യാത്രക്കാരെ പരിശോധിച്ചു. പഞ്ചാബ് സ്വദേശികളെ ബസിൽനിന്നിറക്കി. അടുത്തുള്ള സ്ഥലത്തേയ്ക്ക് കൊണ്ടുപോയി വെടിവച്ചു കൊലപ്പെടുത്തി. ഇവരുടെ ശരീരങ്ങൾ റോഡരികിൽനിന്നു കണ്ടെടുത്തതായും പഞ്ചാബിന്റെ വിവിധ ഭാഗങ്ങളിലുള്ളവരാണ് കൊല്ലപ്പെട്ടതെന്നും പ്രദേശവാസികൾ രാജ്യാന്തര മാധ്യമങ്ങളോട് പറഞ്ഞു.
പാക്കിസ്ഥാനിൽനിന്നു മോചനം ആവശ്യപ്പെട്ട് ബലൂചിസ്ഥാനിൽ വിവിധ സായുധ സേനകൾ പോരാട്ടത്തിലാണ്. ക്വറ്റയിൽനിന്നു പെഷാവറിലേക്കു പോയ ജാഫർ എക്സ്പ്രസ് പിടിച്ചെടുത്തു യാത്രക്കാരെ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) ബന്ദികളാക്കിയതു മാർച്ചിലാണ്. ബിഎൽഎ പോരാളികളെ വധിച്ച് പാക്ക് സൈന്യം ഇവരെ മോചിപ്പിച്ചിരുന്നു. ബലൂചിസ്ഥാനിലും വടക്കു പടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ മേഖലയിലും വിഘടനവാദികൾ ഈ വർഷം നടത്തിയ ആക്രമണങ്ങളിൽ ഇരുനൂറിലേറെപ്പേരാണു കൊല്ലപ്പെട്ടത്. ഇതിൽ ഭൂരിഭാഗവും പാക്ക് സൈനികരായിരുന്നു. അർധമരുഭൂമിയെങ്കിലും ധാതുസമ്പത്തിനു പേരുകേട്ടതും വികസനത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്നതുമായ മേഖലയാണ് ബലൂചിസ്ഥാൻ.