
നീലേശ്വരം ∙ ആരും കാണാതെ ഒന്നര ലക്ഷം രൂപ ‘കുരുവി’ അടിച്ചു മാറ്റിയപ്പോൾ ഒളിച്ചു നിന്ന് എല്ലാം കണ്ട് സിസിടിവി. നീലേശ്വരത്തെ പെട്രോൾ പമ്പിൽ നിന്ന് കുപ്രസിദ്ധ മോഷ്ടാവ് ഇരിട്ടി ചെളിയംതോടിലെ ‘കുരുവി സജു’ പണം മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇന്നലെ സന്ധ്യയോടെ രാജാറോഡിലെ പരിപ്പുവട വിഭവശാലയ്ക്ക് മുൻപിലെ ബിപിസിഎൽ പെട്രോൾ പമ്പിലായിരുന്നു കവർച്ച.
ജീവനക്കാരൻ വാഹനത്തിൽ പെട്രോൾ നിറയ്ക്കുന്ന തക്കത്തിന്, നീല ഷർട്ടും മുണ്ടും ധരിച്ച് കുട ചൂടിയെത്തിയ ‘കുരുവി സജു’ മേശവലിപ്പ് തുറന്ന് പണം മോഷ്ടിക്കുകയായിരുന്നു. 500 രൂപയുടെ മൂന്നു കെട്ടുകളാണ് മോഷ്ടിച്ചത്. നീലേശ്വരം കാഞ്ഞിരയ്ക്കൽ ജ്വല്ലറിയിലേതടക്കം ഒട്ടേറെ മോഷണക്കേസുകളിൽ കുരുവി സജു പ്രതിയാണ്. മോഷണ ശേഷം കർണാടകയിലേക്ക് മുങ്ങുന്നതാണ് ഇയാളുടെ രീതി. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.