
മകൻ കൊല്ലപ്പെട്ട് 7 വർഷത്തിനുശേഷം അച്ഛനെയും അജ്ഞാതർ വെടിവച്ചുകൊന്നു. ബിഹാറിലെ പ്രമുഖ വ്യവസായിയും ബിജെപി മുൻ നേതാവുമായ ഡോ. ഗോപാൽ ഖേംകയെയാണ് (65) വെള്ളിയാഴ്ച രാത്രി 11. 40ന് വീട്ടുപടിക്കൽ കാറിൽ നിന്നിറങ്ങുമ്പോൾ ബൈക്കിലെത്തിയ അജ്ഞാതൻ വെടിവച്ചത്. ഇദ്ദേഹത്തിന്റെ മകൻ ഗുഞ്ജൻ ഖേംകയും 2018 ഡിസംബറിൽ വെടിയേറ്റുമരിക്കുകയായിരുന്നു. ഇതേത്തുടർന്ന് ഖേംകയുടെ വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നെങ്കിലും കഴിഞ്ഞവർഷം പിൻവലിച്ചു.
പട്നയിലെ പ്രമുഖ സ്ഥാപനമായ മഗധ് ഹോസ്പിറ്റലിന്റെ മുൻ ഉടമയായ ഗോപാൽ ഖേംകയ്ക്ക് മെഡിക്കൽ ഷോപ്പുകളും പെട്രോൾ പമ്പുകളും ഫാക്ടറികളുമുണ്ട്. ബിജെപി നേതാവുകൂടിയായ മകൻ ഹാജിപുരിലെ ഫാക്ടറിവളപ്പിൽ വെടിയേറ്റുമരിച്ച ശേഷം ഇദ്ദേഹം ആശുപത്രി വിറ്റൊഴിയുകയും സജീവരാഷ്ട്രീയം ഉപേക്ഷിക്കുകയും ആയിരുന്നു. ഡോക്ടറായ ഒരു മകനും യുഎസിൽ കഴിയുന്ന മകളും കൂടി ഇദ്ദേഹത്തിനുണ്ട്.
കൊലപാതകത്തെത്തുടർന്ന് ക്രമസമാധാനനില വിലയിരുത്താൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു. കേസന്വേഷണത്തിന് പ്രത്യേകസംഘം രൂപീകരിച്ചു. സംഭവസ്ഥലത്തുനിന്ന് ഒരു വെടിയുണ്ട കണ്ടെടുത്തിട്ടുണ്ട്. ബിസിനസ് പകയാകാം കൊലപാതകകാരണമെന്ന് സംശയിക്കുന്നു. സംസ്ഥാനത്തെ ക്രമസമാധാനം തകർന്നെന്നു പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ആരോപിച്ചു.