
കൽപറ്റ: എൽസ്റ്റൺ എസ്റ്റേറ്റിൽ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന ടൗൺഷിപ്പിലെ വീടുകളുടെ നിർമ്മാണം ഈ വർഷം ഡിസംബറോടെ പൂർത്തിയാകുമെന്ന് റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ അറിയിച്ചു. എൽസ്റ്റണിലെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ടൗൺഷിപ്പിൽ 410 വീടുകളിലായി 1662-ൽ അധികം ആളുകൾക്കാണ് സുരക്ഷിത താവളമൊരുങ്ങുന്നത്. ഇതിൽ 140 വീടുകൾക്ക് ഏഴ് സെന്റ് വീതം അതിർത്തി നിശ്ചയിച്ചു കഴിഞ്ഞു.
51 വീടുകളുടെ അടിത്തറ, 54 വീടുകളുടെ ഡൈനാമിക് കോണപെനട്രേഷൻ ടെസ്റ്റ്, 41 വീടുകളുടെ പ്ലെയിൻ സിമന്റ് കോൺക്രീറ്റ് എന്നിവ പൂർത്തിയായി. 19 വീടുകൾക്കായുള്ള ഫൗണ്ടേഷൻ ജോലികൾ പുരോഗമിക്കുകയാണ്. രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കായുള്ള സ്ഥലമൊരുക്കൽ അതിവേഗം നടക്കുന്നുണ്ട്. പ്രതികൂല കാലാവസ്ഥ കാരണം മാതൃകാ വീടിന്റെ നിർമ്മാണം ജൂലൈ മാസത്തോടെ പൂർത്തീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ 110 തൊഴിലാളികളാണ് എൽസ്റ്റണിൽ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്.
ജോലികൾ വേഗത്തിലാക്കാൻ വരും ദിവസങ്ങളിൽ കൂടുതൽ തൊഴിലാളികളെ ലഭ്യമാക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. അഞ്ച് സോണുകളിലായി 410 വീടുകളാണ് ടൗൺഷിപ്പിൽ നിർമ്മിക്കുന്നത്. ആദ്യ സോണിൽ 140 വീടുകളും, രണ്ടാം സോണിൽ 51 വീടുകളും, മൂന്നാം സോണിൽ 55 വീടുകളും, നാലാം സോണിൽ 51 വീടുകളും, അഞ്ചാം സോണിൽ 113 വീടുകളും ഉൾപ്പെടും. ജൂലൈയിൽ മൂന്ന് സോണുകളിലെയും പ്രവർത്തനങ്ങൾ ഒരുമിച്ച് ആരംഭിക്കാൻ നടപടികൾ സ്വീകരിക്കും. വീടുകളുടെ നിർമ്മാണം പൂർത്തിയായ ശേഷം മാത്രമേ ടൗൺഷിപ്പിലെ മറ്റ് അടിസ്ഥാന സൗകര്യ വികസന പ്രവർത്തികൾ ആരംഭിക്കുകയുള്ളൂ. ദുരന്തബാധിതരെ സർക്കാർ ഒരു കാരണവശാലും കൈവിടില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, ടൗൺഷിപ്പ് ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാത്ത പടവെട്ടിക്കുന്നിലെ ആളുകളുടെ ആവശ്യം പരിശോധിക്കുമെന്നും ഉറപ്പുനൽകി. വീട് നിർമ്മാണത്തിനുള്ള പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എടുത്തിട്ടില്ലെന്നും, ഈ തുക സൂക്ഷിക്കാൻ പ്രത്യേക ബാങ്ക് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പോൺസർമാരുടെ പ്രതിനിധി എന്നിവരുൾപ്പെട്ട ഒരു സമിതി ഈ അക്കൗണ്ട് പരിശോധിച്ച് സുതാര്യത ഉറപ്പാക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ആർക്കും കൃത്യമായ പരിശോധന നടത്താമെന്നും മന്ത്രി അറിയിച്ചു. ടൗൺഷിപ്പ് പൂർത്തിയാകുമ്പോൾ സ്പോൺസർമാരുടെ പൂർണ്ണ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരു ബോർഡ് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജീവിതോപാധിയായി നൽകുന്ന 300 രൂപ ദിവസവേതന ബത്തയ്ക്ക് അർഹരായ എല്ലാവർക്കും വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. എല്ലാവർക്കും ഒരുമിച്ച് താമസിക്കാനാണ് എൽസ്റ്റണിൽ സർക്കാർ സ്ഥലം കണ്ടെത്തിയത്. സന്നദ്ധ സംഘടനകൾ വീട് നിർമ്മിച്ചു നൽകുന്ന വ്യവസ്ഥയിൽ സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം ലഭിച്ചവർ സംഘടനകൾ ലഭ്യമാക്കുന്ന ഭൂമിക്ക് കൃത്യമായ രേഖകൾ ഉറപ്പാക്കണം.
ജില്ലയിലെ അധിക ഭൂമിയും ഭൂപരിഷ്കരണ നിയമം 12 (3) പ്രകാരം തോട്ടംമേഖലയായി ലഭിച്ചവയാണെന്നും, ഇത്തരം ഭൂമിയുടെ തുടർ അംഗീകാരം റവന്യൂ വകുപ്പിന് സാധ്യമല്ലെന്നും പ്ലാന്റേഷൻ ഭൂമി മുറിച്ച് വിൽപന ചെയ്യുന്നതിന് നിയമ വ്യവസ്ഥയുണ്ടെന്നും മന്ത്രി ഓർമ്മിപ്പിച്ചു. എൽസ്റ്റൺ എസ്റ്റേറ്റിൽ നടന്ന വാർത്താസമ്മേളനത്തിൽ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, എ.ഡി.എം കെ. ദേവകി, സബ് കളക്ടർ മിസാൽ സാഗർ ഭരത്, അസിസ്റ്റന്റ് കളക്ടർ പി.പി. അർച്ചന എന്നിവരും പങ്കെടുത്തു.