രാത്രിയാത്ര സുഹൃത്തുക്കൾക്കൊപ്പം; എയ്ഞ്ചലിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച തോർത്ത് കണ്ടെത്തി

Spread the love

ആലപ്പുഴ ∙ മകൾ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം സ്ഥിരമായി പുറത്തുപോകുന്നതാണ് തന്നെ പ്രകോപിപ്പിച്ചതെന്നാണ് ആലപ്പുഴയിൽ മകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ പിതാവ് ഫ്രാൻസിസ്. പ്രതി ഫ്രാൻസിസിനെ (ജോസ് മോൻ) പൊലീസ് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിലുടനീളം ശാന്തനായാണ് ഫ്രാൻസിസ് പെരുമാറിയത്.

 

എയ്ഞ്ചൽ‌ തന്റെ സുഹൃത്തുക്കൾക്കൊപ്പമാണ് രാത്രി പുറത്തേക്ക് പോയിരുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഒരു മണിക്കൂറോളം പുറത്തു ചെലവഴിച്ച ശേഷം മടങ്ങിയെത്തുകയാണ് പതിവെന്നും ഇവർ‌ പറയുന്നു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് എയ്ഞ്ചൽ പുറത്തേക്കു പോയിരുന്നത്. ഇതിനു മുൻപും ഫ്രാൻസിസ് എയ്ഞ്ചലിനെ പലതവണ ഇക്കാര്യത്തിൽ വിലക്കിയിരുന്നുവെന്നാണ് വിവരം.

 

നാട്ടുകാരിൽ ചിലർ എയ്ഞ്ചലിന്റെ രാത്രിയാത്ര ശരിയല്ലെന്ന മട്ടിൽ ഫ്രാൻസിസിനോട് സംസാരിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി പുറത്തുപോയി വന്ന എയ്ഞ്ചലിനെ ഫ്രാൻസിസ് ശകാരിച്ചു. ഇതു വാക്കുതർക്കത്തിലേക്കും കയ്യാങ്കളിയിലേക്കുമെത്തി. വഴക്കിനിടെ ഫ്രാൻസിസ് എയ്ഞ്ചലിന്റെ കഴുത്തിൽ ഞെരിച്ചു. തുടർന്ന് തോർത്തിട്ടു മുറുക്കി. ഫ്രാൻസിന്റെ പിതാവ് സേവ്യറും, മാതാവ് സൂസിയും, ഭാര്യ സിന്ധുവും സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നു.

 

അതിനിടെ, എയ്ഞ്ചലിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച തോർത്ത് കണ്ടെത്തി. വീടിനോട് ചേർന്നുള്ള ഷെഡിനു മുകളിൽ വലിച്ചെറിഞ്ഞ നിലയിലായിരുന്നു തോർത്ത്. കൊല്ലപ്പെട്ട എയ്ഞ്ചൽ ജാസ്മിന്റെ അമ്മ ജെസി മോളെയും അമ്മാവൻ അലോഷ്യസിനെയും പ്രതി ചേർക്കും. കൊലപാതക വിവരം മറച്ചുവച്ചുവെന്നതാണ് കുറ്റം. ഇവർക്ക് കൊലപാതകത്തിൽ പങ്കുണ്ടോയെന്നു പരിശോധിക്കുമെന്നു പൊലീസ് പറഞ്ഞു. ഇരുവരും ഇപ്പോൾ മണ്ണഞ്ചേരി പൊലീസിന്റെ കസ്റ്റഡിയിലാണ്.

 

എയ്ഞ്ചൽ മരിച്ചുവെന്ന് ഉറപ്പായതോടെ ഭയപ്പെട്ട കുടുംബം രാവിലെ വരെ വീടിനുള്ളിൽത്തന്നെ ഇരുന്നു. പുലർച്ചെ ആറിന് എയ്ഞ്ചലിനെ മരിച്ച നിലയിൽ കണ്ടെത്തിയെന്നു പറഞ്ഞു ഇവർ കരഞ്ഞതോടെയാണ് അയൽവാസികൾ വിവരം അറിഞ്ഞതെന്നു പൊലീസ് പറഞ്ഞു. കരച്ചിൽ കേട്ടെത്തിയ അയൽവാസികളോട് മകൾ വിളിച്ചിട്ട് അനങ്ങുന്നില്ലെന്നാണ് കുടുംബം പറഞ്ഞത്. ഇന്നലെ രാത്രി മണ്ണഞ്ചേരി പൊലീസ് ഇൻസ്പെക്ടർ ടോൾസൺ പി. ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി വീട്ടുകാരെ ഓരോരുത്തരെ പ്രത്യേകം ചോദ്യം ചെയ്തു. ഫ്രാൻസിസിന്റെ ഭാര്യ സിന്ധുവിനെ കേസിൽ പ്രതി ചേർത്തേക്കും.

 

ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ലാബ് ടെക്നിഷ്യനായ എയ്ഞ്ചൽ ഭർത്താവുമായി പിണങ്ങി ആറു മാസമായി സ്വന്തം വീട്ടിലായിരുന്നു താമസം. രാത്രി സ്കൂട്ടറുമായി പുറത്ത് പോകാറുള്ള എയ്ഞ്ചൽ ചൊവ്വാഴ്ച രാത്രി 9ന് പുറത്തു പോയി പത്തരയോടെയാണ് തിരിച്ചെത്തിയത്. പിടിവലിക്കിടെ എയ്ഞ്ചലിന്റെ കഴുത്തിനു കുത്തിപ്പിടിക്കുകയും തോർത്ത് ഉപയോഗിച്ച് മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് ഫ്രാൻസിസ് പൊലീസിനു നൽകിയ മൊഴി.

 

പഞ്ചായത്തംഗം ഉൾപ്പെടെയുള്ളവർ വീട്ടിലെത്തുമ്പോൾ കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തുടർന്ന് ചെട്ടികാട് താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. മണ്ണഞ്ചേരി പൊലീസ് നടത്തിയ പരിശോധനയിൽ കഴുത്തിലെ പാട് ശ്രദ്ധയിൽപെട്ടതോടെയാണ് കൊലപാതകമാണെന്ന സംശയം തോന്നിയത്. തുടർന്നു ഫ്രാൻസിസിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോൾ കൊലപാതകമാണെന്നു സമ്മതിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു രാവിലെ 11ന് വീട്ടിലെത്തിക്കും. സംസ്കാരം 12ന് ഓമനപ്പുഴ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളിയിൽ. ഭർത്താവ്: പ്രഹിൻ (മനു).

  • Related Posts

    പൊലീസിനെ വെട്ടിച്ച് പ്രതി പുറത്തുചാടി; സ്റ്റേഷന് വെളിയിൽ സ്കൂട്ടറുമായി ഭാര്യ, പ്രതികൾ പിടിയിൽ

    Spread the love

    Spread the loveകൊല്ലം∙ കിളികൊല്ലൂർ പൊലീസിന്റെ കസ്റ്റഡിയിൽ നിന്നും കടന്നുകളഞ്ഞ ലഹരിക്കേസ് പ്രതിയെയും രക്ഷപ്പെടാൻ സഹായിച്ച ഭാര്യയെയും പൊലീസ് പിടികൂടി. തമിഴ്നാട്ടിലെ ധർമപുരം തോപ്പിൽനിന്നാണ് ഇരുവരെയും പിടികൂടിയത്. ബസിൽ സഞ്ചരിക്കവേയാണു കല്ലുംതാഴം സ്വദേശി അജു മന്‍സൂര്‍, ഭാര്യ ബിന്‍ഷ എന്നിവരെ തമിഴ്നാട്…

    ഗൈനക്കോളജിസ്റ്റായി പ്രവർത്തിച്ചത് 10 വർഷം, നടത്തിയത് 50ലേറെ സിസേറിയനുകൾ; ഒടുവിൽ വ്യാജ ഡോക്ടർ പിടിയിൽ

    Spread the love

    Spread the loveഅസ്സം∙ സില്‍ച്ചാറില്‍ ഗൈനക്കോളജിസ്റ്റായി 10 വർഷത്തിലേറെ ജോലി ചെയ്ത വ്യാജ ഡോക്ടര്‍ പിടിയിൽ. ശ്രൂഭൂമി സ്വദേശിയായ പുലോക് മലക്കാര്‍ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മതിയായ മെഡിക്കല്‍ യോഗ്യതകളൊന്നുമില്ലാത്ത ഇയാള്‍ ഇക്കാലത്തിനിടയ്ക്ക് നടത്തിയത് 50ലധികം സിസേറിയനുകളും ഗൈനക്കോളജിക്കല്‍ ശസ്ത്രക്രിയകളുമാണെന്ന്…

    Leave a Reply

    Your email address will not be published. Required fields are marked *