
കോട്ടയം∙ ഓൺലൈൻ തട്ടിപ്പ് കേസ് പ്രതിയെ തേടി വിശാഖപട്ടണത്ത് എത്തിയ കോട്ടയം സൈബർ പൊലീസ് സംഘത്തെ വളഞ്ഞ് നാട്ടുകാർ. ഓൺലൈനിലൂടെ 1.64 കോടി രൂപ തട്ടിയ ആന്ധ്രാപ്രദേശ് സ്വദേശി രമേശിനെ (33) തേടിയാണ് കോട്ടയം സൈബർ പൊലീസ് സ്ഥലത്തെത്തിയത്. എന്നാൽ ‘കണ്ണൂർ സ്ക്വാഡ്’ സിനിമാ രംഗങ്ങളെ ഓർമിപ്പിക്കുന്ന വിധം നാട്ടുകാർ പൊലീസ് സംഘത്തെ വളയുകയായിരുന്നു. പക്ഷേ, പ്രതിയെ പിടികൂടി കേരളത്തിൽ എത്തിക്കാൻ സാധിച്ചെന്ന് സംഘത്തെ നയിച്ച സൈബർ പൊലീസ് എസ്എച്ച്ഒ വി.ആർ.ജഗദീഷ് പറഞ്ഞു.
‘‘കോട്ടയം സൈബർ പൊലീസിനൊപ്പം വിശാഖപട്ടണം പൊലീസും ഉണ്ടായിരുന്നു. ഓഹരിവ്യാപാര സ്ഥാപനത്തിന്റേതിനു സമാനമായ വ്യാജ വെബ്സൈറ്റ് നിർമിച്ചായിരുന്നു പ്രതി 1.64 കോടി രൂപ തട്ടിയെടുത്തത്. പ്രതിയെ തിരിച്ചറിഞ്ഞതോടെ ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദിന്റെ നിർദേശപ്രകാരം സൈബർ പൊലീസിന്റെ 5 അംഗ സംഘം വിശാഖപട്ടണത്ത് എത്തുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിച്ച നമ്പറുകളും പണം മാറ്റിയ അക്കൗണ്ടുമായി ബന്ധപ്പെടുത്തിയ ഫോൺ നമ്പറും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണു രമേശിന്റെ ലൊക്കേഷൻ പൊലീസ് കണ്ടെത്തിയത്. കഴിഞ്ഞ 26നു രാവിലെ 10.30നു സംഘം രമേശിന്റെ ലൊക്കേഷൻ മനസിലാക്കി എത്തി. കേരള പൊലീസ് ആണെന്ന് തിരിച്ചറിഞ്ഞ ഇയാൾ ബഹളം വച്ചതോടെ ആളുകൾ ഞങ്ങളെ വളയുകയായിരുന്നു.’’ – എസ്എച്ച്ഒ പറഞ്ഞു.
‘‘രമേശാണെന്ന് ഉറപ്പിച്ച ശേഷം ഇയാളെ കസ്റ്റഡിയിൽ എടുത്തു. വിശാഖപട്ടണം പൊലീസിന്റെ സഹായത്തോടെ ആൾക്കൂട്ടത്തിൽനിന്നു പുറത്തുകടക്കുകയായിരുന്നു. ഗ്രേഡ് എസ്ഐ വി.എൻ.സുരേഷ്‍കുമാർ, പൊലീസ് ഉദ്യോഗസ്ഥരായ കെ.വി.ശ്രീജിത്ത്, ആർ.സജിത്കുമാർ, കെ.സി.രാഹുൽമോൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. വൈകാതെ വിശാഖപട്ടണത്തു നിന്ന് ട്രാൻസിറ്റ് ഓർഡർ വാങ്ങിച്ച ശേഷം പ്രതിയെ കോട്ടയത്ത് എത്തിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതി നിലവിൽ റിമാൻഡിലാണ്. ഇയാളെ സൈബർ പൊലീസ് ഉടൻ തന്നെ കസ്റ്റഡിയിൽ വാങ്ങിച്ച് ചോദ്യം ചെയ്യും. ഇയാളുടെ കൂടുതൽ വിവരങ്ങൾ, തട്ടിപ്പ് രീതി, ജീവിത പശ്ചാത്തലം എന്നിവയും ചോദിച്ചറിയാനുണ്ട്. അന്വേഷണത്തിനിടെ തട്ടിയെടുത്ത തുക രമേശിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വന്നുവെന്ന് കണ്ടെത്തിയിരുന്നു.’’ – വി.ആർ.ജഗദീഷ് പറഞ്ഞു.